നെയ്യാറ്റിൻകര: കൊറോണയ്ക് എതിരെയുള്ള ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് എവിടെയും. മാസ്കുകളുടെയും സാനിറ്റൈസറിന്റെ സൗജന്യ വിതരണം സംഘടനകൾ ഏറ്റെടുത്തു. കുടുംബശ്രീ യൂണിറ്റുകൾ മാസ്കുകൾ നിർമിച്ചു വിതരണം തുടങ്ങി. മിക്ക സംഘടനകളും ആൾക്കൂട്ടം ഒഴിവാക്കി രോഗം കടന്നുവരാനുള്ള പഴുതടയ്ക്കാനുള്ള ബോധവത്കരണം തുടങ്ങിയിട്ടുണ്ട്. ഉത്സവങ്ങളിൽ നിന്നും ആഘോഷ പരിപാടികൾ ഒഴിവാക്കി ക്ഷേത്ര ഭാരവാഹികളും മാതൃകയായി. സർക്കാർ നിർദേശം മാനിച്ച് എവിടെയും ജനം ജാഗ്രതയിലാണ്. മാസ്കുകൾ ധരിച്ചാണ് ഓഫീസുകളിലും ബാങ്കുകളിലും ജീവനക്കാരെത്തുന്നത്. കോടതികളിൽ അഭിഭാഷകരും മാസ്ക് ധരിച്ചു തുടങ്ങി. കെ.എസ്.ആർ.ടി.സി ബസുകളിൽ കണ്ടക്ടർമാരും ഡ്രൈവർമാരും മാസ്ക് നിർബന്ധമായി ധരിച്ചാണ് ഡിപ്പോയിലെത്തുന്നത്. മാസ്ക് ധരിച്ചെത്തുന്ന യാത്രക്കാരും കുറവല്ല. കെ.എസ്.ആർ.ടിസി നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ എംപ്ലോയീസ് അസോസിയേഷൻ സന്നദ്ധ സംഘടന ‘സേവാ സാധന’യുമായി സഹകരിച്ച് തുറന്ന ‘കൈ കഴുകൽ കേന്ദ്രം’ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോധവത് കരണ ലഘുലേഖകളുടെ വിതരണവും നടന്നു. നഗരസഭ വൈ.ചെയർമാൻ കെ.കെ. ഷിബു, സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി. കേശവൻകുട്ടി, എ.ടി.ഒ പള്ളിച്ചൽ സജീവ്, അയണിത്തോട്ടം കൃഷ്ണൻനായർ, എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എസ്. സുശീലൻ, എൻ.കെ. രഞ്ജിത്, എൻ.എസ്. ദീലീപ് തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.യു നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി കൊറോണ പ്രതിരോധ ബോധവത്ക്കരണം നടത്തി മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്തു. ഡോ. റിജി റഷീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എസ്.കെ. അരുൺ, ജില്ലാ മുൻ വൈ. പ്രസിഡന്റ് ആർ.ഒ. അരുൺ, ജില്ലാ ജന.സെക്രട്ടറിമാരായ അജിൽദേവ്, വി.പി. വിഷ്ണു, ജിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. നെല്ലിമൂട് വനിതാ സഹകരണ സംഘത്തിൽ നടന്ന ബോധവത്കരണ ചടങ്ങിൽ പ്രസിഡന്റ് ശാന്തകുമാരി, നെല്ലിമൂട് പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു. ഇവിടെ നിന്നും ആവശ്യക്കാർക്ക് സ്റ്റേഷണറി സാധനങ്ങൾ എത്തിച്ചു കൊടുക്കുവാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.