rice

തിരുവനന്തപുരം: കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ,​ മുൻഗണനേതര വിഭാഗം ഉൾപ്പെടെ എല്ലാ റേഷൻ കാർഡുടമകൾക്കും 15 കിലോ അരി സൗജന്യമായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നീല, വെള്ള കാർഡുടമകളായ 46 ലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം കിട്ടും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവർക്കും മുൻഗണനാ വ്യത്യാസമില്ലാതെ ആയിരം രൂപയുടെ ഭക്ഷ്യധാന്യ കിറ്റ് നൽകാനും തീരുമാനിച്ചു.

ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമടക്കം അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കുന്ന മുൻഗണനാവിഭാഗത്തിനും ഭക്ഷ്യധാന്യം സൗജന്യമായിരിക്കും. ഇതിന് കാർഡുടമകളിൽ നിന്ന് ഈടാക്കിയിരുന്ന കൈകാര്യച്ചെലവ് ഒഴിവാക്കും.

 അന്ത്യോദയ - അന്നയോജന വിഭാഗക്കാർക്ക് 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നത് തുടരും.

 നിരീക്ഷണത്തിലുള്ളവർക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ സപ്ലൈകോ ഔട്ട്ലറ്റുകളിൽ നിന്ന് ജില്ലാഭരണാധികാരികളെ ഏല്പിക്കുകയും തദ്ദേശസ്ഥാപനങ്ങളുടെ

സഹായത്തോടെ അതത് വീടുകളിൽ എത്തിക്കുകയും വേണം. ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന പട്ടികയനുസരിച്ചാകും കിറ്റ് നൽകുക.

 പഞ്ചസാര, ചെറുപയർ, വൻപയർ, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, തേയില, ആട്ട, ഉഴുന്ന്, സാമ്പാർപൊടി, രസപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, ഉപ്പ്, സോപ്പ് എന്നിവയടങ്ങുന്നതാണ് കിറ്റ്.

അരി സ്റ്റോക്കുണ്ടെന്ന്

ഭക്ഷ്യമന്ത്രി

സൗജന്യവിതരണത്തിന് ആവശ്യമായത്ര അരി സ്റ്റോക്കുണ്ടെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചു. നേരത്തേ പത്ത് കിലോ അരി സൗജന്യമായി നൽകാനാണ് തീരുമാനിച്ചിരുന്നത്. മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ കേന്ദ്രം പ്രഖ്യാപിച്ചതോടെ ഇത് 15 കിലോ ആയി ഉയർത്തുകയായിരുന്നു.