റോം: തെക്കൻ ഇറ്റലിയിൽ ചില പ്രദേശങ്ങളിൽ പതിവ് തെറ്റിച്ച് മഞ്ഞ് വീഴ്ച തുടങ്ങി. ഇതോടെ രാജ്യത്തെ താപനില താഴ്ന്നിരിക്കുകയാണ്. റഷ്യയിൽ നിന്നും മെഡിറ്ററേനിയൻ പ്രദേശങ്ങളിലേക്ക് വീശുന്ന ശീതക്കാറ്റാണ് മഞ്ഞുവീഴ്ചയ്ക്ക് കാരണമായിരിക്കുന്നത്. ഇറ്റലിയുടെ തെക്ക് കിഴക്കൻ തീരപ്രദേശങ്ങളിൽ 20 ഡിഗ്രി സെൽഷ്യസ് വരെ അസാധരണമായി ചൂട് ഉയർന്നിരുന്നു. ഈ പ്രദേശങ്ങളിലും ഇന്നലെ മുതൽ മഞ്ഞും ആലിപ്പഴവീഴ്ചയും തുടങ്ങിയിട്ടുണ്ട്. ഇറ്റലിയുടെ മദ്ധ്യഭാഗങ്ങളിൽ ചിലയിടത്ത് ശക്തമായ മഞ്ഞ് വീഴ്ചയുണ്ടായതായി റിപ്പോർട്ടുണ്ട്. ഇറ്റലിയുടെ മദ്ധ്യ ഭാഗത്തും തെക്കൻ പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ കുറേ ആഴ്ചകളായി കാറ്റും മഴയും കലർന്ന മിതമായ കാലാവസ്ഥയായിരുന്നു ഇറ്റലിയിൽ.