തിരുവനന്തപുരം: തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റുകളിൽ ചരക്കുലോറികളേയും ചരക്കിറക്കി തിരിച്ചു പോകുന്ന ലോറികളേയും തടയില്ലെന്ന് കേരള- തമിഴ്നാട് അതിർത്തി ജില്ലകളിലെ കളക്ടർമാർ തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി.
തമിഴ്നാട് ഉദ്യോഗസ്ഥരുടെ തെറ്റായ നിലപാടു കാരണം ചൊവ്വാഴ്ച കളിയിക്കാവിള ചെക്ക് പോസ്റ്റിൽ അമ്പതിലേറെ ലോറികള കടത്തിവിട്ടിരുന്നില്ല. ആഹാരവും വെള്ളവുമില്ലാതെയാണ് തൊഴിലാളികൾ അതിർത്തിയിൽ കുടുങ്ങിയത്. ലോറികൾ തടഞ്ഞതോടെ ഒരു സ്ഥലത്ത് കൂടുതൽ ആളുകൾ കേന്ദ്രീകരിച്ചതിനാൽ കൊറോണ പ്രതിരോധ മുന്നറിയിപ്പുകൾ പാളിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടർ ഗോപാലകൃഷ്ണന്റേയും കന്യാകുമാരി ജില്ലാ കളക്ടർ പ്രശാന്ത് എം. ബഡ്നറെയുടേയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ചരക്കിറക്കിപോകുന്ന ലോറികളെ തടയില്ലെന്ന് തമിഴ്നാട് ഉദ്യോഗസ്ഥർ ഉറപ്പു നൽകുകയായിരുന്നു. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. അതേസമയം കാൽനടയായി അതിർത്തി കടക്കുന്നതുൾപ്പെടെ ജനസഞ്ചാരം കർശനമായി നിയന്ത്രിക്കും. ജില്ലയുടെ അതിർത്തികൾക്ക് ആറ് കിലോമീറ്റർ മുമ്പേ പരിശോധനകൾ നടത്തും. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ഇരു കളക്ടർമാരും എസ്.പി.മാരും പറഞ്ഞു. യോഗത്തിൽ കന്യാകുമാരി എസ്.പി. ഡോ. ശ്രീനാഥ്, തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോക്, ആർ.ടി.ഒ. എസ്.ആർ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.