തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ കഷ്ടത അനുഭവിക്കാൻ പോകുന്നത് അസംഘടിത തൊഴിലാളികളും സാധാരണക്കാരും ആയിരിക്കുമെന്നതിനാൽ

അടിയന്തരമായി സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

കൊറോണ നാശം വിതച്ച ലോകത്തിലെ മിക്ക രാജ്യങ്ങളും പ്രത്യാഘാതം തിരിച്ചറിഞ്ഞ് ഭീമമായ സഖ്യയാണ് ജനക്ഷേമം ഉറപ്പാക്കാനായി നീക്കിവച്ചത്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 15000 കോടിയുടെ പാക്കേജ് 130 കോടി ജനങ്ങളുള്ള ഇന്ത്യ പോലൊരു മഹാരാജ്യത്ത് നിസാരമാണ്. കോർപറേറ്റുകൾക്ക് രണ്ടു ദിവസം മുമ്പ് ലക്ഷക്കണക്കിന് കോടിരൂപയുടെ ഇളവുകൾ പ്രഖ്യാപിച്ച സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.

സാധാരണക്കാരും ചെറുകിടക്കാരുമായ കർഷകരാണ് കേരളത്തിൽ മഹാഭൂരിപക്ഷം. കടബാദ്ധ്യത കൊണ്ട് ജപ്തി നേരിടുന്നവരാണ് ഇടത്തരക്കാരും നാമമാത്ര കൃഷിക്കാരും. അവരോട് കരുണകാട്ടി ഒരു വർഷത്തേക്കെങ്കിലും ജപ്തി നടപടികൾ നിറുത്തിവയ്ക്കാൻ പൊതുമേഖലാ, സഹകരണ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണം.