hj

വർക്കല: കൊറോണ പടർന്ന് പിടിക്കുന്നത് തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ജനങ്ങൾ പാലിക്കുന്നതിന് വേണ്ടി പൊലീസ്, നഗരസഭ, താലൂക്ക്- റവന്യു, വാഹന ഗതാഗത വകുപ്പ്, ആരോഗ്യ വകുപ്പ്, വിവിധ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ എന്നിവ സംയുക്തമായി മുന്നോട്ട് പോവുകയാണ്. കൊല്ലം തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാപ്പിൽ പ്രദേശത്തെ ചെക്ക് പോസ്റ്റിൽ ശക്തമായ വാഹന പരിശോധനയാണ് നടക്കുന്നത്. ആവശ്യ വസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ അടഞ്ഞ് കിടക്കുകയാണ്. കൂട്ടമായി റോഡിൽ നിൽക്കുന്നവരെ പൊലീസ് എത്തി പിൻതിരിപ്പിക്കുന്നുണ്ട് .പൊതുമാർക്കറ്റുകൾ അടച്ച് പൂട്ടി. ചിലക്കൂർ വള്ളക്കടവ് പ്രദേശത്ത് വിലക്ക് ലംഘിച്ച് കടലിൽ പോകാൻ ശ്രമിച്ചവരെ പൊലീസ് കർശന നിർദ്ദേശം നൽകി തിരികെ അയച്ചു. വർക്കല ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ ബി. ജയപ്രസാദിന്റെ നേതൃത്വത്തിൽ പൊലീസ് പെട്രോളിംഗും മുൻ അറിയിപ്പ് സംവിധാനങ്ങളും പൊതുജനങ്ങൾക്കായി നൽകുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ തെരുവിൽ കിടക്കുന്നവർക്ക് ഭക്ഷണം എത്തിച്ച് വരുന്നതായി വൈസ് ചെയർമാൻ എസ് .അനിജോ അറിയിച്ചു. ആശാ വോളണ്ടിയർമാരും ആരോഗ്യ വിഭാഗം പ്രവർത്തകരും വീടുകളിൽ എത്തി ജാഗ്രത പുലർത്തണമെന്ന സന്ദേശവും മറ്റ് ബോധവത്ക്കരണവും ശുചീകരണ പ്രവർത്തനവും നടത്തി. വർക്കല മാവേലി സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ കൂട്ടമായി എത്തിയവരെ പൊലീസ് എത്തി മുൻകരുതൽ നിർദ്ദേശങ്ങൾ നൽകി.