pachakkarikadayile-thirak

കല്ലമ്പലം : രാജ്യത്ത് 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും കല്ലമ്പലം മേഖലയിൽ ഇത് വേണ്ട രീതിയിൽ പ്രതിഫലിച്ചില്ല. പലർക്കും ആശങ്കയും അങ്കലാപ്പുമാണ് . വീടുകളിൽ കുറച്ചു ദിവസത്തേക്കെങ്കിലുമുള്ള അത്യാവശ്യ സാധനങ്ങൾ കരസ്ഥമാക്കാനുള്ള തത്രപ്പാടിലാണ് പലരും. ഇത് വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് കൂട്ടി. പച്ചക്കറി കടകളിലാണ് തിരക്ക് കൂടുതൽ. തിരക്ക് ക്രമാതീതമായതോടെ സാധനങ്ങളുടെ വിലയും കൂടി. വിലകൂടാനുള്ള കാരണമായി വ്യാപാരികൾ പറയുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായി വാഹനങ്ങൾ വരുന്നില്ലെന്നാണ്. നിയമങ്ങൾ കാറ്റിൽപ്പറത്തി യാതൊരുവിധ മാനദണ്ഡങ്ങളും, സുരക്ഷയും പാലിക്കാതെയാണ് വ്യാപാരം നടക്കുന്നത്. ആരോഗ്യ വിഭാഗം നിഷ്ക്ർഷിച്ചിട്ടുള്ള സാമൂഹിക അകലം പോലും പാലിക്കാതെയാണ് വ്യാപാരം പൊടിപൊടിക്കുന്നത് . സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങികൂട്ടുന്നവരുമുണ്ട്. ഇതാണ് വില വർദ്ധനയ്ക്ക് മറ്റൊരു കാരണം . നാവായിക്കുളം, മണമ്പൂർ, കല്ലമ്പലം, പുല്ലൂർമുക്ക് തുടങ്ങി ഗ്രാമീണ മേഖലകളിലെ പച്ചക്കറി കടകളിലാണ് സാധനങ്ങൾക്ക് പൊടുന്നനെ വില കൂടിയത്. പൊതു വിതരണ കേന്ദ്രങ്ങളിലും തിരക്കേറിയിട്ടുണ്ട്. ഇവിടെയും സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ഗ്രാമീണ മേഖലകളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ജോലി ഇല്ലാതെ വീട്ടിലിരുന്നവർക്ക് ഇരുട്ടടിയായി ലോക്ക് ഡൗൺ. പലരുടെ കൈയിലും നിത്യ വൃത്തിക്കുപോലും പണമില്ല. സാധനങ്ങളായിട്ടായാലും പണമായിട്ടായാലും കടം കിട്ടുമോന്ന് അയൽ വീടുകളിലും മറ്റും അന്വേഷിക്കുന്നതിനിടയിലാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. രാജ്യത്ത് പടർന്നു പിടിക്കുന്ന മഹാ മാരിയെക്കുറിച്ച് ഇനിയും ഗ്രാമീണ മേഖലകളിൽ പലരും ബോധവാന്മാരല്ല. ഇവർ അകലവും ശുചിത്വവും പാലിക്കുവാനും രോഗത്തിന്റെ തീവ്രത മനസിലാക്കാനും ആരോഗ്യ പ്രവർത്തകർ വീടു വീടാന്തരം ബോധവത്കരണം നടത്തണമെന്നാവശ്യവും ശക്തമാണ് . നിരീക്ഷണത്തിലുള്ളവരുടെ വീടുകൾ മാത്രമാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകർ കൂടുതലും സന്ദർശിക്കുന്നത്. ഇവരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമ മാക്കണമെന്നാവശ്യം ശക്തമാണ്.