പാറശാല: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരികെ എത്തിയ 155 ഓളം മത്സ്യത്തൊഴിലാളികളെ പൊഴിയൂരിലെ പ്രത്യേക നിരീക്ഷണ ക്യാമ്പുകളിലേക്ക് മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ എത്തി മത്സയബന്ധത്തെ തുടർന്ന് രണ്ടും മൂന്നും മാസത്തെ ഇടവേളക്കുശേഷം നാട്ടിലെത്തിയ മത്സ്യത്തൊഴിലാളികളെ ആണ് കൊറോണ മുൻകരുതലുകളുടെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റിയത്. 110 പേരെ പൊഴിയൂർ സെന്റ്.മാത്യൂസ് ഹൈസ്‌കൂളിലും ഇന്നലെ എത്തിയ 55 ഓളം പേരെ പൊഴിയൂർ ഗവ. യു.പി. സ്‌കൂളിലുമാക്കി. മുനമ്പം, നീണ്ടകര, നീലേശ്വരം, ബേപ്പൂർ, ചാവക്കാട് കോഴിക്കോട്, കാസർകോട് ജില്ലകളിൽ എത്തി മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് ഈസ്റ്ററിന് മുൻപായി തിരികെ എത്തുന്ന പാതിവനുസരിച്ചാണ് മത്സ്യത്തൊഴിലാളികൾ എത്തിയത്. പൊഴിയൂർ മേഖലയിൽ നിന്ന് മാത്രം 350 ഓളം മത്സ്യത്തൊഴിലാളികൾ വിവിധ ജില്ലകളിലായി മത്സ്യബന്ധനത്തിന് പോയിട്ടുള്ളതിൽ ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ തിരികെ എത്തുന്നതാണ്. എന്നാൽ മത്സ്യത്തൊഴിലാളികൾ നാട്ടിൽ എത്തുന്ന വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് പ്രതിനിധികളും ചേർന്നാണ് ഇവരെ ക്യാമ്പുകളിലേക്ക് മാറ്റിയത്. തങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിട്ടയയ്ക്കണമെന് മത്സ്യത്തൊഴിലാളികൾ ചേർന്ന് ബഹളം വച്ചെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരും പ്രതിനിധികളും എത്തി ഇവരെ ശാന്തരാക്കുയായിരുന്നു. ക്യാമ്പിൽ പ്രവേശിപ്പിച്ചവരെ 14 ദിവസത്തെ നിരീക്ഷണത്തിനും വൈദ്യ പരിശോധനക്കും ശേഷം മാത്രമേ വിട്ടയയ്ക്കുകയുള്ളൂ. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകളെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ള ക്യാമ്പുകളിൽ ഒന്നാണ് പൊഴിയൂർ.