vegitable-price

തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇരുട്ടി വെളുക്കും മുമ്പ് ചില വ്യാപാരികൾ അവശ്യ സാധന വില കുത്തനേ കൂട്ടി ദ്രോഹം തുടങ്ങി. വില വ‌ർദ്ധിപ്പിച്ചാൽ കർശന നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പു പോലും ഇവർ ചെവിക്കൊണ്ടിട്ടില്ല.

കൊറോണ മുൻകരുതൽ കർശനമാക്കിയതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധാനങ്ങൾക്ക് വില കൂടിയെന്ന ന്യായം പറഞ്ഞാണ് തോന്നുംപടി കൂട്ടുന്നത്. ചെറിയ ഉള്ളിയുടെ വില ചില കടകളിൽ ഇരട്ടിയോളമായി. അതേസമയം,​ കൈയിലുള്ള സ്റ്റോക്കിന് വില കൂട്ടാത്ത കച്ചവടക്കാരുമുണ്ട്.

തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയെത്തുന്നില്ലെന്നും ഇങ്ങനെ പോയാൽ ഇനിയും വില കൂടുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയെത്തിച്ചു നൽകുന്ന മൊത്തവ്യാപാരികളും ഇടനിലക്കാരും കൊറോണാക്കാലം മുതലാക്കാൻ അണിയറയിലുണ്ട്. സർക്കാർ ഇടപെട്ടില്ലെങ്കിൽ വരുനാളുകളിൽ ജനം ഇവരുടെ കൊടിയ ചൂഷണത്തിന് ഇരയാകുമെന്നുറപ്പ്.

പിടിച്ചുപറി ഇങ്ങനെ

ചില്ലറവ്യാപാര കേന്ദ്രങ്ങളിൽ ചെറിയ ഉള്ളി വിറ്റിരുന്നത് കിലോഗ്രാമിന് 60 രൂപയ്ക്കായിരുന്നു. എന്നാൽ തിരുവനന്തപുരം നഗരത്തിൽ ചില കടകൾ അത് നൂറു രൂപയാക്കി. കായംകുളത്ത് 120 രൂപയുമായി. സവാള കിലോയ്ക്ക് 30 രൂപയായിരുന്നത് 40 ആയി. ഉരുളക്കിഴങ്ങ് 28ൽ നിന്ന് 40ലെത്തി. തക്കാളി വില 20 രൂപയിൽ നിന്ന് 40ലുമെത്തി. 50 രൂപയായിരുന്ന നാരങ്ങയ്ക്ക് 90 രൂപയായി. ചാല മാർക്കറ്റിൽ എല്ലാ പച്ചക്കറി ഇനങ്ങൾക്കും പത്തു രൂപ വീതം വർദ്ധിച്ചു. 100 രൂപയ്ക്ക് പോലും പച്ചക്കറി കിറ്റ് നൽകില്ലെന്നായി. പകരം ഓരോന്നും വില നൽകി വാങ്ങണം.