വിഴിഞ്ഞം: കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ നടപ്പാക്കിയ ലോക്ക് ‌ഡൗണിൽ വലഞ്ഞ് വിഴിഞ്ഞം ടൗൺഷിപ്പ് നിവാസികൾ. വീടുകളിൽ കഴിയാൻ നിർബന്ധിതരായ 700ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ട് രണ്ടാഴ്ചയിലേറെയായെന്ന് പരാതി. ലോക്ക് ഡൗൺ സാഹചര്യത്തിൽ പുറത്തിറങ്ങാൻ പറ്റാതായതോടെ ടാങ്കറിൽ കുടിവെള്ളമെത്തിയിരുന്നതും മുടങ്ങിയെന്നും വല്ലപ്പോഴും വരുന്ന സ്വകാര്യ ടാങ്കറുകൾ കൊള്ളവിലയാണ് ഇൗടാക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ഒരു കുടം വെള്ളത്തിന് 50 മുതൽ നൂറു രൂപ വരെയാണ് ഇൗടാക്കുന്നത്. കോടികൾ മുടക്കി നടപ്പാക്കിയ സമഗ്ര കുടിവെള്ള വിതരണ പദ്ധതിക്ക് കീഴിലെ പ്രദേശത്താണ് കുടിവെള്ളം ക്ഷാമം രൂക്ഷമാകുന്നത്. സമാന പ്രശ്‌നം കല്ലിയൂർ, വെങ്ങാനൂർ, കോവളം മേഖലകളും നേരിടുന്നുണ്ട്.

വെള്ളായണി കായലിലെ കടവിൻ മൂല പമ്പ് ഹൗസിൽ നിന്ന് കോവളം കെ.എസ്. റോഡിലെ വാട്ടർ ടാങ്കിലേക്ക് പമ്പു ചെയ്യുന്ന വെള്ളം അവിടെ നിന്ന് ആഴാകുളത്ത് പുതുതായി നിർമ്മിച്ച വാട്ടർ ടാങ്കിൽ എത്തിച്ചാണ് വിഴിഞ്ഞം ടൗൺഷിപ്പ് മേഖലയിൽ വിതരണം നടത്തിയിരുന്നത്. ഇത് രണ്ടാഴ്ച മുൻപ് നിലച്ചതോടെയാണ് ജനം ദുരിതത്തിലായത്. ഇത് സംബന്ധിച്ച് ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയറടക്കമുള്ളവർക്ക് നിരവധി പരാതികൾ നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുളിക്കാനും നനയ്ക്കാനും പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്. ഇൗ സാഹചര്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. വെള്ളായണി കായലിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളം മറ്റിടങ്ങളിലേക്ക് നൽകുന്നതാണ് വിഴിഞ്ഞം ടൗൺഷിപ്പിൽ പൈപ്പ് വഴിയുള്ള ജലവിതരണം തടസപ്പെടാൻ കാരണമെന്നാണ് ആക്ഷപം.