കോവളം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച ബൈക്കുമായെത്തിയ യുവാവിനെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു. കല്ലിയൂർ അരുൺ നിവാസിൽ കെ.പിയിൽ1/1295ൽ വിഷ്ണുവിനെയാണ് (24) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വണ്ടിത്തടം ഭാഗത്ത് എസ്.ഐ കെ.എൽ.സമ്പത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പിടിയിലായത്. രേഖകൾ ആവശ്യപ്പെട്ടപ്പോൾ സുഹൃത്തിന്റെ ബൈക്കാണെന്ന് പറഞ്ഞു. ആളെ സ്‌റ്റേഷനിലെത്തിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിൽ പാറശാല ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.