തിരുവനന്തപുരം:കൊറോണയുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ വന്നതോടെ ആഹാരത്തിനു വലഞ്ഞ് തെരുവിൽ കഴിയുന്നവരും നിരാലംബരുമായി നിരവധി പേർ. സന്നദ്ധസംഘടനകളും ഗ്രൂപ്പുകളും വ്യക്തികളും ആശുപത്രികളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള ഭക്ഷണവിതരണം നിലച്ചതോടെയാണ് ഇവർ ബുദ്ധിമുട്ടിലായത്. സ്ഥിരമായി ഇതിനെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് ആളുകളാണ് നഗരത്തിലുള്ളത്. പച്ചക്കറി, പലചരക്ക് സാധനങ്ങൾ മൊത്തത്തിൽ എടുക്കാൻ കഴിയാത്തതും ഗ്യാസ് ക്ഷാമവും പുറത്തിറങ്ങാനുള്ള നിയന്ത്രണവും ഭക്ഷണം വിതരണം ചെയ്യുന്നതിന് സന്നദ്ധപ്രവർത്തകർക്ക് തടസമാണ്. തങ്ങളെ സ്ഥിരമായി ആശ്രയിക്കുന്നവർ പട്ടിണിയിലാകുമെന്ന് അറിയാമെങ്കിലും യാതൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി, മെഡിക്കൽ കോളേജ്, ഫോർട്ട് താലൂക്ക് ആശുപത്രി തുടങ്ങിയവ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനകൾ നടത്തിയിരുന്ന ഭക്ഷണ വിതരണം തടസപ്പെട്ടു. ക്ഷേത്രങ്ങൾ അടച്ചിട്ടതോടെ അവിടത്തെ അന്നദാനവും നിലച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൽ, ശ്രീകണ്ഠേശ്വരം, അരിസ്റ്റോ ഗണപതി ഉൾപ്പെടെ നഗരത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ദിവസവും അന്നദാനമുണ്ടായിരുന്നതാണ്.
നഗരത്തിൽ ദിവസം ഇരുന്നൂറിലേറെ പേർക്ക് ഭക്ഷണമെത്തിച്ചിരുന്ന ജ്വാല ഫൗണ്ടേഷന്റെ ഭക്ഷണവിതരണം ജനതാ കർഫ്യൂ ദിനത്തിലും അതിന്റെ പിറ്റേന്നും നിലച്ചിരുന്നു. പിന്നീട് വിതരണം പുനരാരംഭിച്ചെങ്കിലും സാധനങ്ങളുടെ ദൗർലഭ്യം വിതരണത്തെ ബാധിച്ചുവെന്നും ഇപ്പോൾ ചോറുപൊതികളുടെ എണ്ണം പകുതിയിൽ താഴെയായി കുറച്ചുവെന്നും ഫൗണ്ടേഷൻ സ്ഥാപക അശ്വതി ജ്വാല പറഞ്ഞു. നിലവിൽ ശ്രീകണ്‌ഠേശ്വരം, തമ്പാനൂർ പരിസരത്ത് മാത്രമാണ് ജ്വാലയുടെ വിതരണമുള്ളത്. പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും ഇല്ലാത്തതിനാൽ ഇത് എത്രദിവസം നീളുമെന്ന് അറിയില്ലെന്ന് അശ്വതി പറഞ്ഞു. നഗരപരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും ലോക്ക് ഡൗൺമൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും നഗരസഭ സൗജന്യ ഭക്ഷണം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി ഫോൺ നമ്പരിലോ ആപ്പ് വഴിയോ ബന്ധപ്പെടണം. തെരുവിൽ കഴിയുന്നവരുടെയും ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കാത്തവരുടെയും കാര്യത്തിൽ ഇതെത്രത്തോളം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല. നിലവിൽ വ്യക്തികൾ സ്വന്തം നിലയ്ക്ക് കൊടുക്കുന്ന ഭക്ഷണം മാത്രമാണ് തെരുവിൽ കഴിയുന്നവർക്ക് ഇപ്പോൾ ആശ്വാസം. ദിവസം നൂറുപേർക്ക് ഭക്ഷണം കൊടുക്കാൻ തയ്യാറായി ശ്രീമൂലം ക്ലബ് രംഗത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നുമുതൽ രണ്ടുവരെ ക്ലബിന്റെ വഴുതക്കാട് ഓഫീസ് ഗേറ്റിൽ സജ്ജീകരിച്ച കൗണ്ടറിലാണ് ഭക്ഷണവിതരണം.
സൗജന്യ ഭക്ഷണം നൽകും: മേയർ
നഗരപരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും ലോക്ക് ഡൗൺ മൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും നഗരസഭ മൂന്നുനേരവും സൗജന്യഭക്ഷണം ഹോം ഡെലിവറി ചെയ്യുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലെ covid 19 എന്ന ലിങ്കിലോ, www.covid19tvm.com എന്ന വെബ്‌പേജ് വഴി രജിസ്റ്റർ ചെയ്യുകയോ, 9496434448, 9496434449, 9496434450 എന്നീ നമ്പരുകളിൽ വിളിച്ചറിയുകയോ ചെയ്യാം.