തിരുവനന്തപുരം: യാത്രാ നിയന്ത്രണം വകവയ്ക്കാത്ത പലരും ഇന്നലെ പൊലീസിനോട് തട്ടിക്കയറുന്ന കാഴ്ചകളായിരുന്നു സംസ്ഥാനത്താകെ. എറണാകുളത്ത് പൊലീസിനു നേരെ കൈയേറ്റ ശ്രമവുമുണ്ടായി.
തിരുവനന്തപുരത്ത് രാവിലെ മ്യൂസിയത്തിനടുത്ത് നടക്കാനിറങ്ങി പൊലീസിനു മുന്നിൽ ചെന്നു പെട്ടത് ഒരു വി.ഐ.പി. 'സർ, നിങ്ങൾ മാതൃകയാകേണ്ടവർ ഇങ്ങനെ... പറഞ്ഞു തീരും മുൻപേ മറുപടി വന്നു, 'നീ പോയി പിണറായിയോട് പറ, അപ്പോൾ മനസിലാകും ഞാനാരാണെന്ന് '. ഒന്നും പറയാനില്ലാതെ പൊലീസ് പിന്മാറി. 'കണ്ടു പഠിക്കാത്തവർ കൊണ്ടു പഠിക്കും' എന്ന് ഒരു പൊലീസുകാരൻ അടക്കം പറഞ്ഞപ്പോൾ, കൊണ്ടിട്ടു പഠിക്കാൻ ഇവിടെ നമ്മളൊക്കെ ബാക്കി വേണ്ടേ? എന്നായിരുന്നു മറ്രൊരു ഉദ്യോഗസ്ഥന്റെ കമന്റ്. ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാതെയാണ് പൊലീസ് ഇന്നലെ പൊരിവെയിലിൽ നാടിന് കാവൽ നിന്നത്.

ജ്യോത്സ്യനെ കണ്ടു, സ്റ്റേഷനിൽ!

കാട്ടാക്കട സി.ഐ ഡി.ബിജുകുമാർ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ തടയാൻ കാട്ടാക്കട ജംഗ്ഷനിലെത്തിയപ്പോൾ അതാ വരുന്നു ഹെൽമെ​റ്റില്ലാതെ യുവാവ് ബൈക്കിൽ. എങ്ങോട്ടാണു യാത്രയെന്ന് സി.ഐയുടെ ചോദ്യം. ജോത്സ്യനെ കാണാനാണെന്നും കല്യാണം നടക്കുന്നില്ലെന്നും മറുപടി. തനിക്ക് അറിയാവുന്ന ജോത്സ്യനുണ്ടെന്നും കൂടെവന്നാൽ കാണാമെന്നും സി.ഐ പറഞ്ഞപ്പോൾ യുവാവ് പിറകേ ചെന്നു. യാത്ര അവസാനിച്ചത് 50 മീ​റ്റർ അകലെയുള്ള പൊലീസ് സ്​റ്റേഷനിൽ. ഒരു മണിക്കൂറിനുശേഷം പിഴ ഈടാക്കി യുവാവിനെ വിട്ടയച്ചു.