തിരുവനന്തപുരം: കൊറോണയെ വരുതിയിലാക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രണ്ടാം ദിനവും നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും നിയന്ത്രണങ്ങൾ മറികടന്ന് പൊതുജനം നിരത്തിലിറങ്ങിയത് പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും വലച്ചു. തുടർച്ചയായ രണ്ടാം ദിനവും സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് നേരിട്ടിറങ്ങി വാഹനങ്ങൾ തടയേണ്ടിവന്നു. നഗരത്തിൽ അനാവശ്യമായി പുറത്തിറങ്ങിയ 66 പേർക്കെതിരെയും റൂറൽ എസ്.പിയുടെ പരിധിയിൽ 148 പേർക്കെതിരെയും കേസെടുത്തു. പൊലീസ് നിർദ്ദേശിച്ചിട്ടും തിരികെപ്പോകാതെ കറങ്ങിനടന്ന 32 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കേസെടുത്തവർക്ക് ചട്ടം 144 പ്രകാരം വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. അതേസമയം, അനാവശ്യമായി പുറത്തിറങ്ങിയവരുടെ എണ്ണം പകുതിയായി കുറഞ്ഞതായി കമ്മിഷണർ പറഞ്ഞു.

നഗരപ്രദേശങ്ങളിൽ രാവിലെ കൃത്യമായി കാരണമില്ലാതെ പുറത്തിറങ്ങിയ വാഹനങ്ങൾ പൊലീസ് മടക്കിഅയച്ചു. മടങ്ങി പോകാത്തവർക്കെതിരെയാണ് കേസെടുത്തത്. അനാവശ്യ കാര്യങ്ങൾ പറഞ്ഞെത്തിയ പലരും പൊലീസ് നിർദ്ദേശിച്ചിട്ടും മടങ്ങിപ്പോകാൻ തയ്യാറായില്ല. സ്ത്രീകളടക്കം പൊലീസുമായി തർക്കത്തിന് മുതിർന്നു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് പട്രോളിംഗ് ഇല്ലാത്ത ഉൾ മേഖലകളിലായിരുന്നു നല്ല തിരക്ക്. ചായക്കടകളും ഹോട്ടലുകളും തുറക്കരുതെന്ന നിർദ്ദേശം മറികടന്ന് ചെറിയ ജംഗ്ഷനുകളിൽ പുലർച്ചെ മുതൽ കടകൾ തുറക്കുകയും ചെയ്തു. നഗരത്തിൽ ഹോട്ടലുകൾ കൗണ്ടർ തുറന്ന് പാഴ്സൽ മാത്രം വിതരണം ചെയ്യാമെന്ന് പൊലീസ് അറിയിച്ചു. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നെങ്കിലും കഴിഞ്ഞ ദിവസത്തെ അത്രയും തിരക്കുണ്ടായിരുന്നില്ല. നിരത്തുകളിലെ തിരക്ക് കഴിഞ്ഞ ദിവസത്തെക്കാൾ പകുതിയായി കുറഞ്ഞിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയും റൂറൽ എസ്.പി ബി.അശോക് കുമാറും അറിയിച്ചു.

നഗരത്തിൽ 26 കേസുകൾ

ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് വിവിധ സ്‌റ്റേഷനുകളിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തു. പേരൂർക്കടയിൽ 5 കേസുകൾ രജിസ്റ്റർ ചെയ്തു. അനുമതിയില്ലാതെ വാഹനവുമായി അനാവശ്യമായി റോഡിലിറങ്ങിയതിനാണ് 5 പേർക്കെതിരെ കേസെടുത്തിട്ടുള്ളത്. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ജംഗ്ഷനിൽ പ്രത്യേക പരിശോധനകളും ഉണ്ടായിരുന്നു. പേരൂർക്കടയിൽ രാവിലെ ഇരുചക്ര വാഹനങ്ങളും ആട്ടോറിക്ഷകളുമായി റോഡിലിറങ്ങിയവരെ പൊലീസ് തിരിച്ചയച്ചു. രാവിലെ 8 മുതൽ നിരവധി വാഹനങ്ങൾ റോഡിലിറങ്ങിയെങ്കിലും ഇവ പിടിച്ചെടുക്കുമെന്നുള്ള പൊലീസിന്റെ അറിയിപ്പിനെ തുടർന്ന് വാഹനത്തിരക്ക് കുറഞ്ഞു. വട്ടിയൂർക്കാവിൽ 19 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 12 കേസുകൾ അനാവശ്യമായി ജംഗ്ഷനിൽ സംഘം ചേർന്നതിനും വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിനുമാണ്. ഇതുകൂടാതെ 7 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് ടാക്സി ഡ്രൈവർമാർക്കെതിരെയാണ്. പൊതുനിരത്തിൽ ചട്ടലംഘനം നടത്തി സവാരി നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് മണ്ണന്തല സ്‌റ്റേഷനിൽ 2 കേസാണ് രജിസ്റ്റർ ചെയ്തത്. അനാവശ്യമായി കൂട്ടംകൂടിയതിനാണ് കേസെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.