തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിലാരും പട്ടിണി കിടക്കാൻ ഇടവരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗങ്ങളും പ്രായാധിക്യവും മറ്റും മൂലം അവശതയിൽ തനിച്ച് കഴിയുന്നവരുണ്ടാകാം. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ സാധിക്കാത്ത ഇത്തരം കുടുംബങ്ങളെ കണ്ടെത്തി ഭക്ഷണമെത്തിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്.. ഏതെങ്കിലും കുടുംബത്തെ വിട്ടുപോയിട്ടുണ്ടെങ്കിൽ അവർക്ക് ബന്ധപ്പെടാനും ഭക്ഷണം ആവശ്യപ്പെടാനും പൊതുവായ ടെലഫോൺ നമ്പരും നൽകും. പട്ടിണിയായാലും ചിലർ വ്യക്തികളോട് നേരിട്ട് അത് പറയാൻ ശങ്കിക്കുമെന്നതിനാലാണിത്.. ഒറ്റപ്പെട്ട് കഴിയുന്ന ഒരു കുടുംബം പോലും പട്ടിണിയിലല്ലെന്ന് ഉറപ്പാക്കും... .
കിഡ്നി, ഹൃദ്രോഗം, കാൻസർ പോലുള്ള രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്കും മതിയായ സുരക്ഷയും,കൃത്യമായി മരുന്നും ലഭ്യമാക്കും. വീടുകളിൽ ഐസലേഷനിൽ കഴിയുന്നവർക്ക് പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യും... വീടുകളിൽ നിരന്തരം ബന്ധപ്പെടേണ്ടി വരുന്ന എൽ.പി.ജി സിലിണ്ടർ വിതരണക്കാർ, പാൽ, പത്ര വിതരണക്കാർ എന്നിവരെയെല്ലാം ആരോഗ്യസുരക്ഷ സംബന്ധിച്ച് ബോധവത്കരിക്കണം.
അവശ്യസർവീസിലുള്ളവർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽകാർഡ് മതി. അതില്ലാത്തവർക്ക് ജില്ലാ ഭരണസംവിധാനം ഓൺലൈൻ അപേക്ഷ സ്വീകരിച്ച ഉടൻ താൽക്കാലിക തിരിച്ചറിയൽ കാർഡ് ലഭ്യമാക്കണം. . ജോലി ചെയ്യുന്ന സ്ഥാപന ഉടമയ്ക്കും കാർഡ് നൽകാം.
രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കും. വിവിധ സാമൂഹ്യക്ഷേമ പെൻഷനുകൾക്കായി 1069 കോടിയും വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷന് 143 കോടിയുമാണ് വേണ്ടത്. 54 ലക്ഷം പേർക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക. ആയിരം ഭക്ഷണശാലകൾക്കുള്ള നടപടിയും ത്വരിതപ്പെടുത്തും.