തിരുവനന്തപുരം: കൊറോണ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർശനമായി നടപ്പാക്കാൻ സിറ്റി പൊലീസ്. നിയന്ത്രണങ്ങൾ ലംഘിച്ചു അനാവശ്യമായി പുറത്തിറങ്ങിയ 137പേരെ ഇന്നലെ അറസ്റ്റ് ചെയ്തു.117വാഹനങ്ങൾ പിടിച്ചെടുത്തു. 85 ഇരുചക്ര വാഹനങ്ങളും 19 ആട്ടോറിക്ഷകളും 13 കാറുകളുമാണ് പിടിച്ചെടുത്തത്. നഗരത്തിൽ ഇന്നലെ വൈകിട്ട് 5 വരെ 134 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് വട്ടിയൂർക്കാവ്, പേട്ട, ശ്രീകാര്യം പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്ക് മോട്ടോർ വാഹന നിയമത്തിലെ 53 വകുപ്പ് അനുസരിച്ച് അസി.കമ്മിഷണർ നോട്ടീസ് നൽകി വിട്ടയയ്ക്കും. രണ്ടാം പ്രാവശ്യവും പിടിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.

സിറ്റി പൊലീസ് കമ്മിഷണറുടെ അഭ്യർത്ഥന

ഫ്ളാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും താമസക്കാർ പുറത്ത് പോകുന്നതും തിരികെ വരുന്നതും ഒരു രജിസ്റ്ററിൽ എഴുതി പ്രവേശന കവാടത്തിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കൈവശം സൂക്ഷിക്കണം

ദിവസേന പൊലീസ് ഉദ്യോഗസ്ഥർ ഈ രജിസ്റ്റർ പരിശോധിച്ച് അനാവശ്യമായി പുറത്ത് പോകുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും

രജിസ്റ്റർ സൂക്ഷിക്കാത്ത ഫ്ളാറ്റുകളുടെ ഭാരവാഹികൾക്കെതിരെയും കെയർടേക്കർമാർക്കെതിരെയും നിയമ നടപടി കൈക്കൊള്ളും

ആഹാര സാധനങ്ങൾക്കും മരുന്നു വാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ

രോഗീപരിചരണത്തിനുമായി എത്തുന്ന ഹോം നഴ്സുമാരെയും ജോലിക്കാരെയും ദിവസേന പോയി വരുന്നത് ഒഴിവാക്കണം

ഹോം ഡെലിവറിയായി ആഹാര വിതരണം ചെയ്യുന്നവർ, ഗ്യാസ് വിതരണക്കാർ, സൂപ്പർ മാർക്കറ്റ്, വെജിറ്റബിൾ തുടങ്ങിയവയിലെ ജീവനക്കാർക്ക് അതത് സ്ഥാപന കെട്ടിടങ്ങളിൽ താമസം ഏർപ്പാടാക്കണം

ഹോം ഐസൊലേഷനിൽ കഴിയുന്നവരെ പൊലീസ് ദിവസേന നിരീക്ഷിക്കും

ഇവർ പുറത്ത് സഞ്ചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമ നടപടി സ്വീകരിക്കും

രോഗത്തെ കുറിച്ച് വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും

സർക്കാരിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് ജനങ്ങൾ വീട്ടിൽ തന്നെയിരുന്ന് വൈറസ് വ്യാപനം തടയണം

പൊലീസ് സേവനം വീട്ടുപടിക്കൽ

പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്താതെ തന്നെ വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ 'പൊലീസ് സേവനങ്ങൾ നിങ്ങളുടെ വീട്ടു വാതിൽക്കൽ' എന്ന പേരിൽ പദ്ധതി നടപ്പിലാക്കുമെന്ന് കമ്മിഷണർ അറിയിച്ചു.ഇതിന്റെ ഭാഗമായി പരാതികൾക്കും പി.സി.സി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) ഉൾപ്പെടെയുള്ള സേവനങ്ങൾക്കും ഇനി ഫോണിലൂടെയും ഇ മെയിൽ,വാട്ട്സാപ്പ് എന്നിവയിലൂടെയും പൊതു ജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ഇപ്രകാരം ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലും ഉടനടി നടപടി സ്വീകരിക്കും. ഇതിനായി പൊലീസ് സ്‌റ്റേഷനുകളുടെ ഇ മെയിൽ, വാട്ട്സാപ്പ്, ടെലിഫോൺ നമ്പർ എന്നിവ ജനമൈത്രി സി. ആർ.ഓമാർ മുഖേന റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പൊതുജനങ്ങളിലെത്തിക്കും.