v-muraleedharan

തിരുവനന്തപുരം: പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് പുതിയ ഓർ‌‌ഡിനൻസ് കൊണ്ടുവരാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ വിമർശിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരൻ.നിലവിൽ ഇതിനൊന്നും നിയമമില്ലാത്ത നാടാണിതെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്ന് മുരളീധരൻ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിൽ സഹകരിക്കാത്തവർക്ക് തടവും പിഴയും കിട്ടാൻ ഐ.പി.സി 188, 269, 270, 271 വകുപ്പുകൾ പര്യാപ്തമാണ്. എന്തിനും ഏതിനും ഭരണഘടനയെ മുൻനിറുത്തി വെല്ലുവിളിക്കുന്നവർ കൊറോണ വന്നപ്പോൾ ആ വിശുദ്ധ ഗ്രന്ഥവും ഇന്ത്യൻ ശിക്ഷാ നിയമവും മറന്നോ എന്നും മുരളീധരൻ ചോദിച്ചു. ദുരന്തകാലത്തെ മറികടക്കാനെങ്കിലും ഈ ഹുങ്കും സ്വാർത്ഥതയും മാറ്റിവച്ച് കേന്ദ്ര സർക്കാരിനൊപ്പം ഒന്നിച്ചു നിൽക്കണമെന്നേ മുഖ്യമന്ത്രിയോട് തനിക്ക് പറയാനുള്ളു എന്നും മുരളീധരൻ പറഞ്ഞു.