തിരുവനന്തപുരം: "സാറേ.... ബന്തും ഹർത്താലുമൊക്കെ കണ്ടിട്ടുണ്ട്, പക്ഷേ ഈ ലോക്ക് ഡൗൺ എന്താണെന്ന് അറിയാനാ ഇറങ്ങിയത് "- കൊറോണ വൈറസിന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ രണ്ടാംദിവസം ബൈക്കിൽ കാഴ്ച കാണാനെത്തിയ യുവാവ് പറഞ്ഞതുകേട്ട് പൊലീസുദ്യോഗസ്ഥൻ അന്തിച്ചുനിന്നു. അവശ്യസാധനങ്ങൾ വാങ്ങാനും അടിയന്തരസാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങാനും സർക്കാർ നൽകിയ സമയപരിധിയായ രാവിലെ 7 നും വൈകിട്ട് 5നും ഇടയിൽ ഇത്തരത്തിൽ പല സംഭവങ്ങളും അരങ്ങേറി.
'ചുറ്റിയും ചുറ്റിച്ചും' യുവാക്കൾ
സംസ്ഥാന ലോക്ക് ഡൗണിന്റെ ആദ്യ ദിവസമായ ചൊവ്വാഴ്ച ഇരുചക്ര വാഹനങ്ങളിലും കാറിലുമായി നിരവധി പേർ യഥേഷ്ടം സഞ്ചരിച്ചിരുന്നു. സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തേണ്ട യുവാക്കളായിരുന്നു ഇവരിൽ ഭൂരിഭാഗവും. കാഴ്ചകൾ കാണാനും ചുറ്റിയടിക്കാനും ഇറങ്ങിയവരോട് ആദ്യദിവസം സൗഹൃദത്തിന്റെ സ്വരത്തിൽ സംസാരിച്ച പൊലീസുകാർ രണ്ടാംദിനം സ്വരം കടുപ്പിച്ചു. ഇതോടെ പലയിടത്തും പൊലീസും യാത്രക്കാരും തമ്മിൽ തർക്കങ്ങളുമുണ്ടായി. നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന പോയിന്റുകളിലെല്ലാം അഞ്ച് മുതൽ എട്ടുവരെ പൊലീസുകാരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരുന്നത്. പരിശോധനയ്ക്ക് സി.ഐമാരും എസ്.ഐമാരും മുന്നിട്ടിറങ്ങുകയും ചെയ്തു.
ഫോണെടുത്തത് പരേതൻ, അത്യാവശ്യം മദ്യം
വാഹനവുമായി റോഡിലിറങ്ങിയ യുവാക്കളുടെ കാരണങ്ങൾ കേട്ടാൽ ചിരിപൊട്ടും. തന്റെ ബന്ധു മരിച്ചുപോയെന്ന് പറഞ്ഞായിരുന്നു ഒരു യുവാവ് ബൈക്കുമായി നഗരത്തിൽ ഇറങ്ങിയത്. ബന്ധുവിന്റെ നമ്പറിലേക്ക് പൊലീസ് വിളിച്ചപ്പോൾ അങ്ങേതലയ്ക്കൽ ഫോണെടുത്തത് 'പരേതൻ'. യുവാവിന്റെ മുഖത്ത് ചമ്മൽ. മറ്റൊരിടത്ത് മൂന്നുപേർ ബൈക്കിൽ ശരവേഗത്തിൽ വരുന്നു. പൊലീസ് തടഞ്ഞു. അത്യാവശ്യം തിരക്കിയപ്പോൾ മദ്യം വാങ്ങണമെന്ന് മറുപടി. ബൈക്കിന് പിന്നിലുണ്ടായിരുന്ന രണ്ട് പേരെ ഇറക്കിയ ശേഷം ഒരാളെ പറഞ്ഞുവിട്ടു. അനാവശ്യമായി കാറുമെടുത്ത് ചുറ്റാനിറങ്ങിയ മുതിർന്ന പൗരൻ തൊഴുകൈയോടെ പൊലീസിന് മുന്നിൽ മാപ്പപേക്ഷിക്കുകയും ചെയ്തു.
തട്ടിക്കയറി ചിലർ
നിർദേശങ്ങൾ അനുസരിക്കാൻ വലിയൊരു വിഭാഗം തയ്യാറായപ്പോൾ ചിലർ പൊലീസിനോട് തട്ടിക്കയറുന്ന സംഭവങ്ങളും ഉണ്ടായി. എന്നാൽ, എല്ലാവരെയും സംയമനത്തോടും സമാധാനത്തോടും പൊലീസ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി മടക്കിഅയച്ചു. യാത്ര ചെയ്യുന്നവർ കാരണം വ്യക്തമാക്കുന്ന ഡിക്ളറേഷൻ ഫോം ഹാജരാക്കാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതുമായാണ് വാഹനത്തിൽ നിരത്തിലിറങ്ങിയവരെല്ലാം എത്തിയത്.