കിളിമാനൂർ: സർക്കാർ ഉത്തരവ് ലംഘിച്ച് കിളിമാനൂരിലെ സ്വകാര്യ ചന്തയിൽ മത്സ്യം ലേലം നടത്തിയതുമായി ബന്ധപ്പെട്ട് നാൽപ്പതോളം പേരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. 18 വാഹനങ്ങൾ പിടിച്ചെടുത്തു. ഇന്നലെ രാത്രി 8ന് പൊരുന്തമൺ മത്സ്യ ചന്തയിലാണ് ലേലം നടന്നത്.വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കച്ചവടക്കാർ മത്സ്യം വാങ്ങി വില്പനയ്ക്ക് കൊണ്ടുപോകാനായി ഇവിടെ എത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് വാഹനങ്ങൾ പിടിച്ചെടുത്ത് ചന്തയ്ക്കുള്ളിൽ തന്നെ പൂട്ടിയിടുകയും കച്ചവടക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.ഇവരെ സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. വിലക്ക് ലംഘിച്ച് കിളിമാനൂരിലെ വിവിധ പ്രദേശങ്ങളിൽ വാഹനത്തിൽ കറങ്ങി നടന്ന മുപ്പതോളം പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും 20 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.