slovakia

ബ്രാറ്റിസ്‌ലാവ : എല്ലാവരും അവരാൽ കഴിയുന്ന തരത്തിൽ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. വീടിനുള്ളിൽ തുടരുക, സമ്പർക്കം ഒഴിവാക്കുക, മാസ്ക് ധരിക്കുക, കൈ വൃത്തിയായ കൈഴുകുക... ഇതൊക്കെ ലോകമെമ്പാടുമുള്ള മനുഷ്യർ ഒരുപോലെ പാലിച്ചുവരുന്ന സുരക്ഷാ മാർഗങ്ങളാണ്. എന്നാൽ മാസ്കും ഗ്ലൗസും ധരിക്കുന്നതിൽ ചിലർ വിമുഖത കാട്ടാറുണ്ട്. തങ്ങൾക്കിണങ്ങുന്ന മാസ്കുകൾ കണ്ടെത്താനാണ് ചിലരുടെ ശ്രദ്ധ. മാസ്കിൽ പുത്തൻ പരീക്ഷണങ്ങൾ ചെയ്യുന്നവരും കുറവല്ല. ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ചിത്രപ്പണികളോടു കൂടിയ സ്റ്റൈലൻ മാസ്കുകൾ വിപണിയിൽ സജീവമാണ്. ഇതിനിടെ വസ്ത്രത്തിന് ഇണങ്ങുന്ന മാസ്കുമായെത്തി ഫാഷൻ സങ്കല്പങ്ങളെ അമ്പരിപ്പിച്ചിരിക്കുകയാണ് സ്ലോവാക്യയുടെ പ്രസിഡന്റായ സൂസന്ന ചാപുറ്റോവ. തന്റെ വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള മാസ്കുകൾ തിരഞ്ഞെടുക്കാൻ സൂസന്ന മറക്കാറില്ല.

കഴിഞ്ഞ ശനിയാഴ്ച സ്ലോവാക്യയിൽ ഓർഡിനറി പീപ്പിൾ പാർട്ടി നേതാവ് ഇഗോർ മാറ്റോവിച്ചിന്റെ നേതൃത്വത്തിൽ സഖ്യ സർക്കാർ അധികാരമേറ്റിരുന്നു. സത്യപ്രതിജ്ഞയ്ക്കെത്തിയ എല്ലാവരും കൈയ്യിൽ ഗ്ലൗസും മുഖത്ത് മാസ്കും ധരിച്ചിരുന്നു. എന്നാൽ വസ്ത്രത്തിന് മാച്ചാകുന്ന മാസ്കും ധരിച്ചെത്തിയ പ്രസിഡന്റിലേക്കായിരുന്നു കാമറക്കണ്ണുകൾ. മാസ്ക് ധരിച്ചാണ് സൂസന്ന പ്രധാനമന്ത്രി ഇഗോർ മാറ്റോവിച്ചിനും മറ്റ് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ചിത്രങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയകളിൽ ട്രോളുകളും തലപൊക്കി. ദിവസങ്ങൾക്ക് മുമ്പ് വീണ്ടും സൂസന്ന വസ്ത്രത്തിന് ഇണങ്ങുന്ന മാസ്കുമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തവണ കടും ചുവപ്പ് ബ്ലേസർ ഡ്രസിനൊപ്പം കട്ടയ്ക്ക് നില്ക്കുന്ന അതേ നിറത്തിലെ മാസ്കാണ് തിരഞ്ഞെടുത്തത്. 216 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ലോവാക്യയിൽ ഇതേവരെ ആർക്കും മരണം സംഭവിച്ചിട്ടില്ല.

46കാരിയായ സൂസന്ന സ്ലോവാക്യയിലെ ആദ്യ വനിതാ പ്രസിഡന്റാണ്. അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയും കൂടിയായ സൂസന്ന സ്ലോവാക്യൻ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറ‌ഞ്ഞ വ്യക്തി കൂടിയാണ്.