gulf-

​​​​ദോഹ: കൊറോണ മുൻകരുതലുകളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഇന്നുമുതൽ ഏപ്രിൽ 6 വരെ നിയന്ത്രണം. മരണ രജിസ്‌ട്രേഷനും സേവനങ്ങൾക്കുമായി ഇനി മുതൽ രണ്ട് പേർക്ക് മാത്രമേ എംബസിക്കുള്ളിൽ പ്രവേശനം അനുവദിക്കൂ. അടിയന്തര സാഹചര്യത്തിൽ ഒഴികെ 2020 സെപ്തംബർ 30ന് മുമ്പ് കാലാവധി കഴിയുന്ന പാസ്‌പോർട്ടുകൾ മാത്രമേ പുതുക്കി നൽകൂ.

പാസ്‌പോർട്ട് സേവനങ്ങൾക്കായി വരുന്നവർ മുൻകൂട്ടി അപ്പോയ്മെന്റ് എടുക്കണം. പാസ്‌പോർട്ടിലെ വിവരങ്ങൾ മാറ്റുന്നതിനും ഈ കാലപരിധി ബാധകമാണ്. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും അടിയന്തര സാഹചര്യത്തിൽ മാത്രമേ ചെയ്ത് നൽകൂ. കുട്ടികളുടെ ജനന രജിസ്‌ട്രേഷന് കുട്ടികളെ കൊണ്ടുവരേണ്ടതില്ല. മാതാപിതാക്കളിൽ ആരെങ്കിലും ബന്ധപ്പെട്ട രേഖകൾ കൊണ്ടുവന്നാൽ മതിയാവും. അപേക്ഷകന് മാത്രമേ എംബസിയിലേക്ക് പ്രവേശനമനുവദിക്കൂ.

ജലദോഷം, ചുമ, പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവർ എംബസി സന്ദർശനം ഒഴിവാക്കണം. തെർമൽ സ്‌ക്രീനിംഗിന് ശേഷമാവും എംബസിയിലേക്ക് പ്രവേശനം അനുവദിക്കുക. സാധാരണ വിസ സേവനങ്ങൾ താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. അതേസമയം വിശദ പരിശോധനക്കുശേഷം അടിയന്തര കേസുകൾ പരിഗണിക്കും. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് അടിയന്തര സഹായങ്ങൾക്കായി ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. ഇതിനായി വിവിധ വിഭാഗങ്ങളിലെ സഹായ നമ്പരുകളും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.