nimmi

മുംബയ് : പ്രശസ്ത ബോളിവുഡ് നടി നിമ്മി (88 ) അന്തരിച്ചു. ഇന്നലെ വൈകിട്ട് മുംബയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് നിമ്മിയെ ജുഹുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എഴുത്തുകാരനും സംവിധായകനുമായ അലി റാസയാണ് ഭർത്താവ്. റാസ 2007ൽ അന്തരിച്ചു. ബോളിവുഡ് നടൻ റിഷി കപൂർ, സംവിധായകൻ മഹോഷ് ഭട്ട് തുടങ്ങിയവർ നിമ്മിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

ആൻ, ബർസാത്, ദീദാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകഹൃദയം കീഴടക്കിയ നിമ്മിയുടെ യഥാർത്ഥ പേര് നവാബ് ബാനു എന്നാണ്. അന്ധാസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് വിഖ്യാത നടൻ രാജ് കപൂറാണ് നിമ്മിയെന്ന പേര് ബാനുവിന് നിർദ്ദേശിച്ചത്. രാജ് കപൂറിന്റെ തന്നെ 1949ൽ പുറത്തിറങ്ങിയ ബർസാത് ആണ് നിമ്മിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. അന്നത്തെ മുൻനിര നായികമാരോടൊപ്പം അഭിനയിച്ച നിമ്മിയെ തേടിയെത്തിയത് പ്രേക്ഷക ശ്രദ്ധയാകർഷിച്ച കുറേ നല്ല കഥാപാത്രങ്ങളാണ്.

രാജ് കപൂർ, ദിലീപ് കുമാർ, ദേവ് ആനന്ദ്, അശോക് കുമാർ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം വേഷമിട്ട നിമ്മി വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനില്ക്കുകയായിരുന്നു. ഭായ് ഭായ്, മേരേ മെഹ്ബൂബ്, പൂജാ കെ ഫൂൽ, ആകാശ്ദീപ്, ലവ് ആൻഡ് ഗോഡ് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.