ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടിനുള്ളിൽ കഴിയുന്നവർക്ക് വായിക്കാൻ സൗജന്യ ബുക്കുകളുമായി നാഷണൽ ബുക്ക് ട്രസ്‌റ്റ്. തിരഞ്ഞെടുത്ത പുസ്തകങ്ങൾ ഇനി സൗജന്യമായി ഡൗൺലോഡ് ചെയ്ത് വായിക്കാം. സ്‌റ്റേ ഹോം ഇന്ത്യാ വിത്ത് ബുക്ക്സ് എന്ന സംരഭത്തിന്റെ ഭാഗമായി 100 ലേറെ പുസ്തകങ്ങൾ നാഷണൽ ബുക്ക് ട്രസ്‌റ്റിന്റെ വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഹിന്ദി, ഇംഗ്ലീഷ്, ആസാമിയ, ബംഗ്ലാ, ഗുജറാത്തി, മലയാളം, ഒഡിയ, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്‌ടപ്പെടുന്ന ഫിക്ഷൻ, സയൻസ്, ജീവചരിത്രം തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും പുസ്തകങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ ടാഗോർ, മഹാത്മാഗാന്ധി, പ്രേംചന്ദ് തുടങ്ങിയവരുടെ രചനകളും ലിസ്‌റ്റിൽ ഉൾപ്പെടുത്തും. പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പ് വായനയ്ക്ക് മാത്രമുള്ളതാണെന്നും അനധികൃതമായോ വാണിജ്യപരമായോ ഇവ ഉപയോഗിക്കാൻ അനുവധിക്കില്ലെന്നും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.