ലണ്ടൻ: കൊറോണ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന സൊമാലിയൻ ഇതിഹാസ ഫുട്ബോൾ താരം അബ്ദുൾഖദിർ മുഹമ്മദ് ഫറാ (59 ) അന്തരിച്ചു. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനും സൊമാലി ഫുട്ബോൾ ഫെഡറേഷനുമാണ് മരണവാർത്ത പുറത്ത്‌വിട്ടത്. ലണ്ടനിലായിരുന്നു അന്ത്യം. കഴിഞ്ഞാഴ്ചയാണ് ഫറയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സൊമാലിയയിലെ കായിക മന്ത്രിയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ചു വരികയായിരുന്നു. 1961 ഫെബ്രുവരി 15ന് മദ്ധ്യ സൊമാലിയയിലെ ബെലെഡ്വെയ്ൻ നഗരത്തിൽ ജനിച്ച ഫറ 1976ൽ നാഷണൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരച്ചതോടെയാണ് കരിയറിന് തുടക്കം കുറിച്ചത്. പ്രാദേശിക മത്സരങ്ങളിലൂടെ കഴിവ് തെളിയിച്ച ഫറ ബട്രൂൽക്ക ഫുട്ബോൾ ക്ലബിന് വേണ്ടി 1980കളുടെ അവസാനം വരെ ബൂട്ടണിഞ്ഞു. കൊറോണ രോഗത്തെ തുടർന്ന് മരിച്ച ആദ്യത്തെ ആഫ്രിക്കൻ ഫുട്ബോൾ താരമാണ് ഫറ.