marriage

ലക്നൗ: കൊറോണ കാരണം രാജ്യത്ത് സമ്പൂർണ ലോക് ഡൗണാണ്.എന്നുവച്ച് വിവാഹം മാറ്റിവയ്ക്കാനാവുമോ? ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങാതെ എങ്ങനെ വിവാഹം നടത്താമെന്ന് കാണിച്ചുതന്നിരിക്കുകയാണ് ഉത്തർപ്രദേശിൽ ഹർദോയ് ജില്ലയിലെ മെഹ്ജാബിയും ഹമീദും.വീഡിയോ കോളിലൂടെയാണ് ഇവർ വിവാഹിതരായത്.
നേരത്തേ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു ഇവരുടെ വിവാഹം. അതിനിടയിലാണ് കൊറോണയും ലോക്ക് ഡൗണുമൊക്കെ എത്തിയത്. ഇരുവരുടെയും വീടുകൾ തമ്മിൽ 15 കിലോമീറ്റർ അകലവുമുണ്ട്. നിയന്ത്രണം ലംഘിച്ച് വിവാഹം നടത്തേണ്ടെന്ന് ആദ്യമേ ഇരുകുടുംബക്കാരും ഉറപ്പിച്ചു. തുടർന്നാണ് വിവാഹം വീഡിയോ കോളിലൂടെ നടത്താൻ തീരുമാനിച്ചത്. വിവാഹ വേഷത്തിൽ തന്നെയാണ് മെഹ്ജാബിയും ഹമീദും എത്തിയത്.
വീഡിയോ കോളിലൂടെ പുരോഹിതൻ മതപരമായ ചടങ്ങുകൾ നടത്തുകയും ശേഷം ഇരുവരുടെയും വീട്ടിൽ ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. വളരെക്കുറച്ചുപേർ മാത്രമാണ് ചടങ്ങിനെത്തിയത്. ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ ഭാര്യയെ വീട്ടിൽ കൊണ്ടുവരുമെന്നും അതിന് ശേഷം വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും ഹമീദ് പറഞ്ഞു.കഴിഞ്ഞ ദിവസം ബിഹാറിലും ഇത്തരത്തിൽ വിവാഹം നടത്തിയിരുന്നു.ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.