കടയ്ക്കാവൂർ: കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിർദ്ദേശങ്ങൾ പാലിക്കാതെ കറങ്ങിനടക്കുന്നവർക്കെതിരെ കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പൊലീസ് കർശന നടപടികൾ ആരംഭിച്ചു.

പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശം പാലിക്കാതെ കച്ചവടം ചെയ്തതിനാൽ നിലയ്ക്കാമുക്കിലെ ഒരു സ്ഥാപനത്തിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. നിലയ്ക്കാമുക്ക് മാവേലി സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ കാര്യവും വ്യത്യസ്ഥമല്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും കൊച്ചു കുട്ടികളും പ്രായാധിക്യമുള്ളവരും സാധനങ്ങൾ വാങ്ങാനെത്തുന്നതും നിയന്ത്രിക്കാൻ കഴിയുന്നില്ല. വിദേശത്തുനിന്നും നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നവർ അഞ്ചുതെങ്ങിൽ തൊണ്ണൂറും കടയ്ക്കാവൂരിൽ നൂറ്റി അമ്പത്തിയെട്ട് പേരുമാണ്. ഇരുപഞ്ചായത്തിലെയും ആരോഗ്യ പ്രവർത്തകർ ഇവരുടെ വീടുകളിൽ എത്തി വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. എന്നാലും ചിലർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്ത് കറങ്ങിനടക്കുന്നതായുളള ആക്ഷേപവുമുണ്ട്. സാധനങ്ങൾ കുറവായതിനാൽ ഉളള സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായും ആക്ഷേപങ്ങളുമുണ്ട്. കടയ്ക്കാവൂർ അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ മാസ്കിൻെറ ലഭ്യതകുറവും ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറുന്നു. ലോക്ക് ഡൗണിൽ അനാവശ്യമായി കറങ്ങുന്നവർ കാരണം അവശ്യസാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വളരയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നു. നിയമം ലംഘിക്കുന്നവർക്ക് എതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.