തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പേരിൽ പലയിടത്തും അവശ്യ സർവീസിൽ ഉൾപ്പെടുത്തിയിട്ടുള്ള കടകൾ പൊലീസ് നിർബന്ധിച്ച് അടപ്പിക്കുന്നത് പതിവാകുന്നതായി പരാതി. നിസാര കാര്യങ്ങൾ പറഞ്ഞ് കടകൾ അടയ്ക്കാൻ നിർദ്ദേശം നൽകുന്നതു കാരണം കടകളിൽ സാധനം വാങ്ങാനെത്തുന്നവരും കടക്കാരും പൊലീസുമായി വാക്കുതർക്കമുണ്ടാകുന്നതായി ആക്ഷേപമുയരുന്നു. കുടപ്പനക്കുന്ന് കളക്ടറേറ്റിന് തൊട്ടടുത്ത് ഊന്നൻപാറയിൽ ഇന്നലെ രാവിലെ നിസാര കാര്യങ്ങൾ പറഞ്ഞ് പലവ്യഞ്ജനക്കടയും പാൽ ബൂത്തും അടപ്പിച്ചത് കാരണം ഈ മേഖലയിലെ നിരവധിപേർക്ക് സാധനം വാങ്ങാൻ കിലോമീറ്ററുകൾക്കപ്പുറം പോകേണ്ടിവന്നു. ഊന്നമ്പാറയിൽ സെയ്ദിന്റെ ഉടമസ്ഥതയിലുള്ള പലവ്യഞ്ജനക്കടയാണ് അടയ്ക്കാൻ നിർദ്ദേശം നൽകിയത്. ഇക്കാരണത്താൽ പറ്റുവരവിന് സാധനം കടമായി വാങ്ങാനെത്തിയവർ കൈയിൽ പണമില്ലാത്തതിനാൽ മറ്റുകടകളിൽ പോകാനാകാതെ മടങ്ങേണ്ടിവന്നു. പേരൂർക്കട ജംഗ്ഷനിൽ പ്രവർത്തിച്ചുവന്ന അഞ്ചോളം തട്ടുകടകളും അടപ്പിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിരന്തരം നിർദ്ദേശം നൽകുമ്പോഴാണ് തലസ്ഥാന നഗരത്തിൽ തന്നെ പൊലീസുകാരുടെ ഇത്തരം നടപടികൾ. സാധനം വാങ്ങാൻ ആൾക്കാർ കൂടിനിന്നതാണ് പൊലീസിനെ പ്രകോപിതരാക്കിയത്. ഇതിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചവരെ കേസെടുത്ത് അകത്താക്കുമെന്ന് ഭീഷണി മുഴക്കിയതായും നാട്ടുകാർ പറയുന്നു.