വിതുര: നിയമലംഘനം നടത്തി ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുകയും കടകൾ തുറന്നുപ്രവർത്തിക്കുകയും ചെയ്ത 32പേരെ പ്രതിയാക്കി വിതുര പൊലീസ് കേസെടുത്തു. മൂന്നു ബൈക്കുകൾ പിടിച്ചെടുത്തു. ബൈക്കിൽ കറങ്ങി നടന്നതിന്റ പേരിൽ പത്തു കേസുകളും നിയമം തെറ്റിച്ചു കൂട്ടം കൂടി നിന്നതിന്റെ പേരിൽ നാല് കേസും സമയം കഴിഞ്ഞും കടകൾ തുറന്നു പ്രവർത്തിപ്പിച്ചതിന്റെ പേരിൽ നാല് കേസും എടുത്തിട്ടുണ്ട്. അതേ സമയം ലോക്‌ഡോൺ മറികടന്നു കല്ലാർ, പേപ്പാറ, ബോണക്കാട് എന്നി ടുറിസം മേഖലകളിൽ പോകുവാനായി അനവധി യുവാക്കൾ ബൈക്കുകളിൽ എത്തി. വിതുര സർക്കിൾ ഇൻസ്‌പെക്ടർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണം നടത്തിയ ശേഷം യുവാക്കളെ മടക്കി അയച്ചു. സാധനങ്ങൾ വാങ്ങുവാൻ ജനങ്ങൾ സമാധാനപരമായി ജംഗ്‌ഷനുകളിൽ എത്തുന്നുണ്ടെങ്കിലും ഇതിന്റ മറവിൽ യുവാക്കൾ നിയമം ലംഘനം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കല്ലാർ, പേപ്പാറ, പൊന്മുടി, ബോണക്കാട്, ചാത്തങ്കോട്, ചീറ്റിപ്പാറ എന്നീ ടുറിസം മേഖലകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.