smooking-

തിരുവനന്തപുരം: പുകവലിക്കുന്നവരിൽ കൊറോണ പടരുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുകവലിക്കാരെ കൊറോണ വൈറസ് ബാധിക്കാൻ സാദ്ധ്യതയെന്നു ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. സിഗരറ്റ് വലിക്കുമ്പോൾ ഓരോ തവണവും കൈ വായോടു ചേർത്തു പിടിക്കേണ്ടി വരുന്നതിനാലാണ് വൈറസ് ബാധിക്കാനുള്ള സാദ്ധ്യത.

പുകവലിക്കാരുടെ ശ്വാസകോശത്തിനു പൊതുവേ ആരോഗ്യം കുറവയിരിക്കും. ന്യൂമോണിയ പോലെയുള്ള രോഗം ബാധിച്ചാൽ ശ്വാസതടസ സാദ്ധ്യത ഏറെയാണ്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഇതു സംബന്ധിച്ച് ഫെബ്രുവരിയിൽ ഒരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ചൈനയിൽ രോഗം ബാധിച്ച 1,099 പേരിലാണ് പഠനം നടത്തിയത്. ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിച്ച 173 പേരിൽ 16.9 ശതമാനവും പുകവലിക്കാരാണ്. 5.2 ശതമാനം പേർ മുൻപു പുകവലിച്ചവരും.

ഗുരുതരമല്ലെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്ന മറ്റുള്ളവരിൽ 11.8 ശതമാനം പേർ സ്ഥിരമായി പുകവലിക്കുന്നവരും 1.3 ശതമാനം മുൻപു പുകവലിച്ചവരുമായിരുന്നു.

കൊറോണയെ തടയാൻ പുകവലി ഒഴിവാക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ ഉപദേശിക്കുന്നു.