distri

കിളിമാനൂർ: ലോക്ക് ഡൗണിൽ കുടുങ്ങി വീട്ടിൽ ഇരിക്കുന്നവർക്ക് സമയം പോകാനും, സ്വയം വരുമാനത്തിനും വഴിയൊരുക്കി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. ഇതിന് മുന്നോടിയായി ബ്ലോക്കിൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ മാസ്കും, സാനിറ്റൈസറും നിർമ്മിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.

ആരോഗ്യ മേഖലയിൽ പുരസ്കാരങ്ങൾ നേടിയ ബ്ലോക്ക് ഇപ്പോൾ കൊറോണ കാലത്ത് ദൗർലഭ്യം നേരിടുന്ന സാനിറ്റൈസറും, മാസ്കും നിർമ്മിച്ച് ബ്ലോക്കിന് കീഴിലെ എട്ട് പഞ്ചായത്തുകളിലും എത്തിച്ചിരിക്കുകയാണ്. അവശ്യ സർവീസ് ജീവനക്കാർക്ക് മാസ്ക് , സാനിറ്റെസർ എന്നിവ നിർമ്മിച്ച് നൽകി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മറ്റൊരു ദൗത്യത്തിന് തുടക്കം കുറിക്കുന്നതോടൊപ്പം വീട്ടമ്മമാർക്ക് വീട്ടിൽ ഇരുന്ന് തന്നെ ഇത് നിർമ്മിക്കുന്നതിന് വേണ്ട ഉല്പന്നങ്ങൾ എത്തിച്ച് കൊടുത്തു ഇവയുടെ ക്ഷാമം കുറയ്ക്കാനുള്ള ശ്രമത്തിലുമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണസമിതിയുടേയും ആരോഗ്യപ്രവർത്തകരുടേയും നേതൃത്വത്തിൽ നിർമ്മിച്ച മാസ്കുകൾ, സാനിട്ടൈസർ എന്നിവ ബ്ലോക്ക് പരിധിയിലെ കേശവപുരം സാമൂഹിക ആരോഗ്യകേന്ദ്രം, പള്ളിക്കൽ സാമൂഹിക ആരോഗ്യകേന്ദ്രം, ബ്ലോക്ക് പരിധിയിലെ പള്ളിക്കൽ, കല്ലമ്പലം, കിളിമാനൂർ, നഗരൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. വിതരണത്തിന് ബ്ലോക്ക് പ്രസിഡന്റ് ശ്രീജാഷൈജുദേവ്, സ്ഥിരംസമിതി അധ്യക്ഷ എൽ .ശാലിനി, ബ്ലോക്ക് പഞ്ചയാത്തംഗങ്ങളായ എസ് .യഹിയ, കെ. വത്സലകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.