നെടുമങ്ങാട് : കൊറോണ വ്യാപന മുന്നറിയിപ്പും പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനവുമായി സി.ദിവാകരൻ എം.എൽ.എ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിച്ചു.നെടുമങ്ങാട് മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലുമാണ് എം.എൽ.എ നേരിട്ടെത്തി നടപടി വിലയിരുത്തിയത്.പഞ്ചായത്ത് നഗരസഭ അധികൃതർ വാർഡ് തലത്തിൽ തദ്ദേശ പ്രതിനിധികളുടെ സജീവ സാന്നിദ്ധ്യമുണ്ടാവണമെന്നും പുറത്തു പോയി ജോലി ചെയ്യാൻ കഴിയാത്ത കുടുംബങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങണമെന്നും സി.ദിവാകരൻ നിർദേശിച്ചു.ഭക്ഷ്യ വസ്തുക്കളുടെ വില കൂട്ടി വിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നെടുമങ്ങാട് നഗരസഭയിൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ നായർ,ടി.ആർ സുരേഷ്‌കുമാർ എന്നിവരുമായി ചർച്ച നടത്തി.പൊലീസ്,ഫയർഫോഴ്സ്,എക്‌സൈസ്,സിവിൽ സപ്ലൈസ്,റവന്യു വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥരുമായും എം.എൽ.എ ആശയവിനിമയം നടത്തി.