വർക്കല: പച്ചക്കറി ഉൾപ്പെടെയുളള അവശ്യ സാധനങ്ങൾക്ക് വില കൂട്ടി വിൽക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എച്ച്. സലീം അറിയിച്ചു. മേഖലയിലെ ചില കച്ചവട സ്ഥാപനങ്ങളിൽ അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

സവാളയ്ക്ക് 20 രൂപയും ചെറിയ ഉളളിക്ക് 30 രൂപയുമാണ് പ്രദേശത്തെ ചില വ്യാപാരികൾ കൂട്ടിയത്. ഈ പകൽക്കൊള്ള അനുവദിക്കില്ലെന്നും കടയുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കി നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഭക്ഷണസാധനങ്ങൾ വിൽക്കാൻ കട തുറക്കുന്ന എല്ലാവരും നിർബന്ധമായി ഹാൻഡ് വാഷും വെള്ളവും ക്രമീകരിക്കണമെന്നും പറഞ്ഞു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റ് പഞ്ചായത്ത് നേരിട്ട് ലീഗൽ മെട്രോളജി അധികൃതർക്ക് കൈമാറും. പഞ്ചായത്ത് സെക്രട്ടറി സുബിൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബിജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കിരൺ ചന്ദ്, പഞ്ചായത്ത് കുട്ടപ്പൻ തമ്പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.