വർക്കല: വർക്കല താലൂക്കിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതായി അഡ്വ. വി. ജോയി എം.എൽ.എ പറഞ്ഞു. വർക്കല നഗരസഭ ഉൾപ്പെടെ സമീപത്തെ ഏഴ് പഞ്ചായത്തുകളിലെയും അതത് വാർഡുകൾ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ജനമൈത്രി പൊലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഹൗസ് കാമ്പെയ്ൻ പ്രവർത്തനം നടന്നുവരുന്നത്.

നിരീക്ഷണത്തിൽ കഴിയുന്ന 1847 പേരെ പ്രത്യേകം ശ്രദ്ധിക്കുന്നതായും എം.എൽ.എ. പറഞ്ഞു. ജില്ലാ അതിർത്തികളായ പാരിപ്പള്ളി കടമ്പാട്ടുകോണം, കാപ്പിൽ എന്നിവിടങ്ങളിലുളള രണ്ടു ചെക്ക് പോസ്റ്റുകളിലും നിരീക്ഷണവും പരിശോധനയും ഊർജിതമായി നടന്നുവരുന്നുണ്ട്.

പാപനാശം ഹെലിപ്പാഡിലും, വർക്കല താലൂക്കാശുപത്രിയിലും കൊറോണ ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ വർക്കലയിൽ നിന്ന് പാപനാശത്തേക്ക് പോകുന്ന പ്രധാന റോഡായ വർക്കല- ക്ഷേത്രം റോഡിലെ കിളിത്തട്ട് മുക്കിൽ പൊലീസിന്റെ ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കും. താലൂക്കിൽ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതാ ഉറപ്പാക്കിയിട്ടുണ്ട്. മാസ്കിനും പച്ചക്കറിക്കും കുടിവെള്ളത്തിനും അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് വർക്കലയിൽ നടപടിയുമായി സ്പെഷ്യൽ സ്ക്വാഡ് രംഗത്തെത്തിയിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസർ എ. രാജീവന്റെ നേതൃത്വത്തിൽ രൂപീകരിച്ച പരിശോധനാ സംഘം അമിതവില ഈടാക്കിയ മൂന്ന് കച്ചവട സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.