നെയ്യാറ്റിൻകര: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കമ്മ്യൂണിറ്റി കിച്ചണും ജനകീയ ഹോട്ടലും തുടങ്ങാൻ അടിയന്തരമായി തുക വകയിരുത്തി നഗരസഭയുടെ 2020-2021 വർഷത്തെ ബഡ്ജറ്റ്. 2019 -20 വർഷത്തെ നീക്കിയിരിപ്പുതുകയായ 2,80,28,369 രൂപ ഉൾപ്പടെ 102,45,02,860 രൂപ വരവും 101,28,52,000 രൂപ ചെലവും 1,16,50,869 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു ബഡ്ജറ്റ് അവതരിപ്പിച്ചു. കൊറോണ വ്യാപനനിയന്ത്രണമുള്ളതിനാൽ ചർച്ച കൂടാതെ ബഡ്ജറ്റ് അംഗീകരിച്ചു. സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കിയതിന്റെ ഭാഗമായി വീടുകളിൽ ഭക്ഷണം എത്തിയ്ക്കുന്നതിനിള്ള സാമൂഹ്യ അടുക്കള പദ്ധതിക്കായി 10 ലക്ഷം രൂപ അനുവദിച്ചു. ജനകീയ ഹോട്ടലുകളും സ്ഥാപിക്കും. എന്നാൽ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്താതെ ബഡ്ജറ്റ് നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഗ്രാമം പ്രവീണിന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ ചില അംഗങ്ങൾ യോഗം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.