corona-

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 208 ആയി. ഇതിൽ 49 പേർ രോഗമുക്തി നേടി. ബാക്കി 159 പേരാണ് ചികിത്സയിലുള്ളത്. ആറുപേർ വ്യാഴാഴ്ചയാണ് രോഗമുക്തി നേടിയത്. അതിനിടെ തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം ഒന്ന് വർദ്ധിച്ച് ഏഴായി. മൂന്നുപേർക്കാണ് ഗുരുതരാവസ്ഥയുള്ളത്. ഇവർ പ്രായമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരുമാണ്. കൊറോണ ബാധിത പ്രദേശങ്ങളിൽനിന്ന് വന്ന 211 പേരാണ് നിലവിൽ നിരീക്ഷണ ക്യാമ്പമ്പിലുള്ളത്.

സൗദിയിൽ നിന്നും ഈജിപ്തിൽനിന്ന് വന്ന നാല് കുവൈറ്റികൾ, ഫ്രാൻസിൽനിന്ന് വന്ന ഒരു കുവൈറ്റി, സൗദിയിൽനിന്ന് വന്നവരുമായി സമ്ബർക്കം പുലർത്തിയ രണ്ട് കുവൈറ്റികൾ, അസർബൈജാനിൽനിന്ന് വന്നവരുമായി ബന്ധം പുലർത്തിയ ഒരു സ്വദേശിയും ഒരു വിദേശിയും ബ്രിട്ടനിൽനിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയ കുവൈറ്റി, വൈറസ് ബാധിച്ച ഫിലിപ്പീനിയുമായി സമ്പർക്കം പുലർത്തിയ ഈജിപ്തുകാരൻ, വൈറസ് ബാധിച്ച സോമാലിയക്കാരനുമായി ബന്ധം പുലർത്തിയ സോമാലിയൻ പൗരൻ എന്നിവർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഒരു സ്വദേശിക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് അന്വേഷിച്ചുവരുന്നു.

യു.എ.ഇയിൽ ഇന്ന് രാത്രി മുതൽ പൊതുഗതാഗതമില്ല

യു.എ.ഇ പൊതുഗതാഗതം നിറുത്തിവയ്ക്കുന്നു. ഇന്ന് രാത്രി 8 മുതൽ മാർച്ച് 29 പുലർച്ചെ 6 വരെയാണ് നിയന്ത്രണമുണ്ടാവുകയെന്ന് ആരോഗ്യപൊതുസുരക്ഷാ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

ദേശീയ അണുനിർമാർജ്ജന പദ്ധതിയുടെ ഭാഗമായാണ് പൊതുവാഹനങ്ങൾ, മെട്രോ സർവീസുകൾ എന്നിവ നിറുത്തിവയ്ക്കുന്നത്. ഈ കാലയളവിൽ പൊതുവാഹന ഗതാഗതവും നിറുത്തിവയ്ക്കും.

ലോക്ക്ഡൗൺ സമയത്ത് പൊതുജനങ്ങൾ വീടുകൾക്കു പുറത്തിറങ്ങാതെ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും വാർത്താവിനിമയം, പൊലിസ്, പട്ടാളം, പോസ്റ്റൽ, ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ മേഖലയിലുള്ളവർക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ട്.

ഒമാനിൽ വിസ കാലാവധി കഴിയുന്നവർക്ക് തുടരാം

ഒമാൻ വിസ കാലാവധി കഴിയുന്ന റസിഡന്റ് കാർഡ് ഉടമകളായ വിദേശികൾക്ക് യാതൊരു ആശങ്കയും വേണ്ടതില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിലവിൽ രാജ്യത്തുള്ള ഇത്തരക്കാരുടെ താമസം നിയമപരമായി തന്നെ പരിഗണിക്കും. ഇവർ അനധികൃത താമസത്തിന് ഉള്ള പിഴ അടക്കേണ്ടി വരില്ല. കൊറോണ ഭീതിയകന്ന് കാര്യങ്ങൾ സാധാരണ നിലയിലായാൽ താമസാനുമതി പുതുക്കി നൽകുന്നതിന് സമയം അനുവദിക്കും.

അവധിക്ക് നാട്ടിൽ പോയി തിരികെ വരാൻ കഴിയാത്തവരിൽ വിസ കാലാവധി കഴിയുന്നവരുണ്ടെങ്കിൽ വെബ്‌സൈറ്റ് വഴി പുതുക്കുന്ന സംവിധാനം ഏർപ്പെടുത്താനാണ് ആലോചനയെന്ന് ആർ.ഒ.പി ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് നടപടിക്രമങ്ങൾ ഒമാനിൽ തിരികെയെത്തിയിട്ട് പൂർത്തിയാക്കിയാൽ മതിയാകും. അവധിക്ക് നാട്ടിൽ പോയ നിരവധി പേരാണ് ഒമാൻ വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്.

വിസിറ്റ്, ബിസിനസ് മറ്റ് ഷോർട്ട് ടേം വിസകളിൽ എത്തി രാജ്യത്ത് കുടുങ്ങിപോയവർക്കും ആശങ്ക വേണ്ടതില്ല. വിമാന സർവീസ് റദ്ദാക്കിയതിനാലും വിമാനത്താവളം അടച്ചതിനാലുമാണ് പലർക്കും രാജ്യം വിടാൻ കഴിയാതെ പോയത്. ഇവരെയും അനധികൃത താമസക്കാരായി പരിഗണിക്കില്ല. ഓവർസ്‌റ്റേക്കുള്ള പിഴ അടക്കേണ്ടിയും വരില്ല. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്ന ശേഷം വിസ കാലാവധി കഴിയുന്നവർക്ക് സാദ്ധ്യമാകുന്ന എല്ലാ കാര്യങ്ങളും അനുവദിച്ച് നൽകും. ഈ വിഷയത്തിൽ നടപടികൾക്ക് രൂപം നൽകി വരികയാണ്. ഇതു സംബന്ധിച്ച റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ പുറത്തുവരും.