തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ആരോരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നവരെയും കിടപ്പാടമില്ലാത്തവരെയും കണ്ടെത്തി നഗരസഭ പുനരധിവസിപ്പിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഗരസഭ അധികൃതർ നഗരം മുഴുവൻ പട്രോളിംഗ് നടത്തി ഇവരെ കണ്ടുപിടിച്ചത്. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്താണ് നഗരസഭ ടെന്റ് കെട്ടി ഇവരെ പാർപ്പിച്ചിരിക്കുന്നത്. 167 പേർ താത്കാലിക പുനരധിവാസ കേന്ദ്രത്തിൽ പാർക്കുന്നുണ്ടെന്ന് നഗരസഭാ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.

167 പേരിൽ ഭൂരിപക്ഷവും നഗരത്തിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്നവരാണ്. ലോക്ക് ഡൗണിൽ പുറത്ത് ആളിറങ്ങാതായതോടെ ഇവരുടെ വരുമാനം നിലച്ചു. അതുകൊണ്ട് തന്നെ തങ്ങളെ കൊണ്ടുപോകാൻ വന്ന നഗരസഭ അധികൃതരോട് ഇവർ എതിർപ്പ് പ്രകടിപ്പിച്ചില്ല. ചിലർ തെരുവ് വിട്ട് വരാൻ എതിർപ്പ് അറിയിച്ചു. അവർക്കാകട്ടെ റോഡിൽ വച്ച് തന്നെ അധികൃതർ ബോധവത്കരണ ക്ലാസുകൾ നടത്തി.

നഗരത്തിലുള്ള ഭിക്ഷാടകരെ കൂടാതെ അന്യ സംസ്ഥാനത്ത് നിന്നുള്ളവരും നഗരസഭയുടെ താത്കാലിക പുനരധിവാസ കേന്ദ്രത്തിലുണ്ട്. ഇത്രയുമധികം പേർ താമസിക്കുന്നത് കൊണ്ട് തന്നെ കനത്ത സുരക്ഷ രാത്രിയടക്കമുള്ള സമയങ്ങളിൽ പൊലീസ് സഹായത്തോടെ ഒരുക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ഭിക്ഷാടനക്കാർ ടെന്റിൽ നിന്ന് ചാടി പുറത്തുകടക്കാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല.

167 പേരെയും ഇന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയരാക്കി. മുഴുവൻ പേർക്കുമുള്ള കിടക്കകളും നഗരസഭ സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണം മൂന്നു നേരവും നൽകും. കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതോടെ ടെന്റിലേക്കുള്ള ഭക്ഷണം പാകം ചെയ്യാനുള്ള ചുമതല അവർക്ക് നൽകുമെന്ന് നഗരസഭ അറിയിച്ചു. നഗരത്തിൽ ഭിക്ഷാടനം നടത്തിവന്നിരുന്ന എല്ലാവരെയും കണ്ടെത്തി ടെന്റിലേക്ക് എത്തിച്ചുവെന്നാണ് നഗരസഭ അധികൃതരുടെ കണക്കുകൂട്ടൽ. ഭിക്ഷാടകരെ കണ്ടെത്താനുള്ള തെരച്ചിൽ ഒരുവട്ടം കൂടി നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.