പാലക്കാട്: കാരാകുറിശ്ശിയിലെ കൊറോണ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ദുബായിൽ നിന്ന് മാർച്ച് 13ന് നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിലായത് മാർച്ച് 21മുതൽ മാത്രമാണ്. നിരീക്ഷണത്തിലാവുന്നതു വരെയുള്ള ദിവസങ്ങളിൽ ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
13ന് രാവിലെ 7.50ന് എയർ ഇന്ത്യയുടെ 344 വിമാനത്തിൽ കരിപ്പൂരിലെത്തിയ ഇയാൾ 9 മണിക്ക് അവിടെനിന്ന് നാല് കുടുംബാംഗങ്ങൾക്കൊപ്പം സ്വന്തം കാറിൽ മണ്ണാർക്കാട്ടേയ്ക്കു പോയി. വഴിക്ക് വള്ളുവമ്പ്രത്തുള്ള തട്ടുകടയിൽ നിന്ന് ഭക്ഷണംകഴിച്ചു. വീട്ടിലെത്തിയ ശേഷം ആനക്കപ്പറമ്പ്, കാരക്കുന്ന് എന്നിവിടങ്ങളിലുള്ള പള്ളികളിൽ പോയി. തൊട്ടടുത്ത ദിവസങ്ങളിലും ഇയാൾ ആനക്കപ്പറമ്പ് പള്ളിയിൽ പോയിട്ടുണ്ട്. വീട്ടിലെത്തിയ അതിഥികളെ സ്വീകരിക്കുകയും അവരുമായി ഇടപഴകുകയും ചെയ്തു.
മാർച്ച് 16ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ മകനോടൊപ്പം കാറിൽ പോയി. കൊറോണ ഒ.പിയിൽ കാണിച്ചു. ഇതിനുശേഷം ആശുപത്രിക്ക് അടുത്തുള്ള പച്ചക്കറിക്കട, പെട്രോൾ പമ്പ് എന്നിവടങ്ങളിലും പോയി. 18ന് വീണ്ടും മകനൊപ്പം താലൂക്ക് ആശുപത്രിയിലെ കൊറോണ ഒപിയിൽ പോയി. പിന്നീട് തയ്യൽ കട, പി ബാലൻ സഹകരണാശുപത്രി എന്നിവിടങ്ങളിലും പോയി.
21നും പി ബാലൻ സഹകരണാശുപത്രി, വിയ്യാക്കുറിശ്ശി പള്ളി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പോയി. 23നും താലൂക്ക് ആശുപത്രിയിൽ മകനൊപ്പം പോയി. ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കണ്ടക്ടറായ മകൻ കെ.എസ്.ആർ.ടി.സി ബസിൽ ജോലിചെയ്ത വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇയാൾ ജോലി ചെയ്ത ദിവസം ബസിന്റെ റൂട്ടും സമയവും അടക്കമുള്ള വിവരങ്ങൾ കെ.എസ്.ആർ.ടി.സിയും പുറത്ത് വിട്ടിട്ടുണ്ട്.ഇയാളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാഫലങ്ങൾ പുറത്തുവന്നിട്ടില്ല.