spain

മാഡ്രിഡ് : ഇറ്റലി കഴിഞ്ഞാൽ കൊറോണ ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത് സ്പെയിനിലാണ്. സ്പെയിനിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇന്നലെ മാത്രം സ്പെയിനിൽ റിപ്പോർട്ട് ചെയ്തത് 7,937 കേസുകളാണ്. ഇതോടെ സ്പെയിനിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 47,610 ആയി. മരണസംഖ്യയും ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്പെയിനിൽ ഇതേവരെ 3,434 പേർ മരിച്ചു. ഇന്നലെ മാത്രം 738 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇറ്റലിയും സ്പെയിനുമാണ് കൊറോണ മരണ നിരക്കിൽ മുന്നിലുള്ള രാജ്യങ്ങൾ. കൊറോണ ഉത്ഭവിച്ച ചൈനയിൽ 3,291 പേരാണ് മരിച്ചത്.

സ്പെയിനിലെ നില അതീവ ഗുരുതരമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. രോഗികളുടെ എണ്ണവും മരണസംഖ്യയും ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്. സ്പെയിൻ ഉപപ്രധാനമന്ത്രി കാർമൽ കാൽവോയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. നിലവിൽ സ്പെയിൻ ലോക്ക്ഡൗണിലാണ്. മാർച്ച് 13 മുതൽ 15 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏപ്രിൽ 11 വരെ തുടരാനാണ് തീരുമാനം. മാഡ്രിഡിലാണ് കൊറോണ ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. 14,597 പേർക്കാണ് മാഡ്രിഡിൽ മാത്രം കൊറോണ പിടിപ്പെട്ടിരിക്കുന്നത്.