പാറശാല: കൊറോണയുടെ പശ്ചാത്തലത്തിൽ പാറശാല ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടിയുടെയും പഞ്ചായത്ത് അധികൃതരുടെയും സംയുക്താഭിമുഖ്യത്തിൽ കുടിവെള്ള വിതരണം നടത്തി. കൊറോണ വ്യാപനത്തിനെതിരെ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകാതെ വീടുകൾക്കുള്ളിൽ കഴിയുന്ന സ്ഥിതിയെ തുടർന്നാണ് അടിയന്തിര നടപടി. ടാങ്കർ ലോറിയിൽ എത്തിച്ച കുടിവെള്ളം പാറശാല ടൗണിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ആർ.സി.സ്ട്രീറ്റ്, ചന്ദനക്കട്ടി, ഗ്രാമം, ക്ഷേത്രനട, കോട്ടയ്ക്കകം എന്നീ പ്രദേശങ്ങളിൽ ആണ് ഇന്നലെ കുടിവെള്ള വിതരണം നടന്നത്.