photo

നെടുമങ്ങാട്: കൊറോണ പ്രതിരോധകാലത്ത് ഭക്ഷ്യ സുരക്ഷയൊരുക്കാൻ സർക്കാരും തദ്ദേശസ്ഥാപനങ്ങളും തലപുകയ്ക്കുമ്പോൾ, നെടുമങ്ങാട് താലൂക്കിൽ വിപണി കണ്ടെത്താനാവാതെ ടൺ കണക്കിന് കാർഷികോത്പന്നങ്ങൾ പാഴാവുന്നു. കൃഷി വകുപ്പിന്റെ കീഴിലുള്ള അന്താരാഷ്ട്ര മാർക്കറ്റും ആഴ്ചച്ചന്തകളും വഴിയോര വിപണികളും അടച്ചിട്ടതോടെയാണ് കർഷകർ ദുരിതത്തിലായത്. ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നീ സ്ഥാപനങ്ങളെ മുൻനിറുത്തി കൃഷിവകുപ്പ് ആവിഷ്കരിച്ച 'ജീവനി - സഞ്ജീവനി" ഓൺലൈൻ പഴം,പച്ചക്കറി വിതരണ പദ്ധതി താഴെത്തട്ടിലേയ്ക്ക് വ്യാപിപ്പിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് കർഷകരുടെ ആവശ്യം. കിഴങ്ങുവിളകൾ, പച്ചക്കറിൾ, വാഴക്കുലകൾ,ചക്ക, മരച്ചീനി തുടങ്ങിയവ വിവിധ സംഭരണ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമായി കെട്ടിക്കിടപ്പുണ്ടെന്നാണ് ഔദ്യോഗിക വിവരം. കൊറോണ പ്രതിരോധ നടപടികൾ കർശനമാക്കിയതോടെ കരകുളം, ആനാട്, നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളിൽ അടുത്തിടെ രൂപപ്പെട്ട കർഷക കൂട്ടായ്മകളെല്ലാം നിലംപറ്റിയ അവസ്ഥയിലാണ്. ഉത്പന്നങ്ങൾ ഹോം ഡെലിവറിയായി ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചു കൊടുക്കാൻ ഇവർ തയ്യാറാണെങ്കിലും വാഹനങ്ങൾ വിട്ടുകിട്ടുന്നില്ലെന്നാണ് പരാതി.

 നിസഹായരായ കർഷക കുടുംബങ്ങൾ

'ജീവനി - സഞ്ജീവനി" പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകൃത വാഹനം ലഭിച്ചാൽ ഹോം ഡെലിവറി നടത്താൻ സാധിക്കുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി കർഷകരും സന്നദ്ധ സംഘടനകളും ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ആരംഭിച്ചു. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ഉല്പന്നങ്ങൾ എത്തിച്ചിരുന്ന 1,200 ഓളം കർഷകരെ ഇതിൽ ഉൾപ്പെടുത്താനുള്ള പരിശ്രമത്തിലാണ്. തിങ്കൾ, ബുധൻ, വെള്ളി എന്നിങ്ങനെ ഒരാഴ്ച മൂന്ന് തവണ മാർക്കറ്റ് ലേലം നടക്കാറുണ്ടായിരുന്ന വേൾഡ് മാർക്കറ്റ് അടഞ്ഞതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് നിസ്സഹായരായത്. വിവിധ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പൊതുയിടങ്ങളിൽ ഉല്പന്നങ്ങൾ സംഭരിച്ച് വിറ്റഴിച്ചിരുന്ന ആയിരത്തിലധികം ചെറുകിട കർഷകരുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.