നെയ്യാറ്റിൻകര : ദേശീയ തലത്തിൽ 21 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് ജാഗരൂകരായെങ്കിലും നെയ്യാറ്റിൻകരയിൽ പലേടത്തും ഉച്ചച്ചന്തകൾ കൂടി. പെരുമ്പഴുതൂരിൽ ഇന്നലെ ഉച്ചക്ക് നൂറോളം പേരാണ് മത്സ്യവും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങാൻ ചന്തയിൽ എത്തിച്ചേർന്നത്. വെറുതെ ബൈക്കും എടുത്ത് ഇറങ്ങിയവരും നിരവധിയാണ്. പല ടൂവീലർ യാത്രക്കാരേയും പൊലീസ് പരിശോധനയ്ക്ക് ശേഷം തിരിച്ചയച്ചു. നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലും ആലുമ്മൂട് ജംഗ്ഷനിലും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. പലേടത്തും മെഡിക്കൽ സ്റ്റോറുകളും ചെറുകിട ചായക്കടകളും തുറന്നിരുന്നു. അതേസമയം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ കാരുണ്യ മെഡിക്കൽ സ്റ്റോർ പോലും പൂട്ടിയിട്ടത് നിർദ്ധന രോഗികളെ നന്നേ കുഴച്ചു.
ബാങ്കുകൾ ഉച്ചവരെ മാത്രമേ തുറന്നു പ്രവർത്തിച്ചിരുന്നുള്ളു. വായ്പാ കുടിശിക തിരിച്ചടവിനെ സംബന്ധിച്ച് ബാങ്കുകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല ബാങ്കുകളിൽ നിന്നും വായ്പാകുടിശികക്കാരെ ഫോണിൽ വിളിച്ച് വായ്പ അടയ്ക്കുവാൻ നിർബന്ധിച്ചതായി പരാതിയുണ്ട്. പച്ചക്കറിക്കടകളിലും പലവ്യഞ്ജന കടകളിലും സാധനങ്ങൾ വാങ്ങാനെത്തിയവർക്ക് നൽകാൻ മതിയായ സ്റ്റോക്കില്ലെങ്കിലും ഉയർന്ന സാധന വില കാരണം പലരും സാധനങ്ങൾ വാങ്ങാതെ മടങ്ങി. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ കാന്റീനില്ലാത്തത് കാരണം ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും നന്നേ കുഴങ്ങി.