തിരുവനന്തപുരം: റേഷൻകടക്കാരൻ മണിയപ്പൻ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ താരമാണ്. കോറോണക്കാലത്ത് റേഷൻ ഉപഭോക്താക്കളെ ഒരു മീറ്റർ അകലെ നിറുത്തി എങ്ങനെ ഭക്ഷ്യധാന്യങ്ങൾ നൽകാമെന്ന കണ്ടെത്തലാണ് മണിയപ്പനെ വൈറലാക്കിയത്. കണ്ടെത്തൽ സൂപ്പറായതുകൊണ്ട്
നാട്ടുകാരിലൊരാൾ അതിന്റെ ഫോട്ടോയെടുത്ത് വാട്സ് ആപ്പ് കൂട്ടായ്മയിലിട്ടു. അത് പിന്നീട് ഫേസ്ബുക്കിലും ഹിറ്റായി. ഇതോടെ മണിയപ്പൻ ഹീറോയായി. നാട്ടിലെ റേഷൻ കടകളിലെല്ലാം മണിയപ്പന്റെ കുഴൽവിദ്യ പ്രചാരത്തിലുമായി.
ആറിഞ്ച് വ്യാസവും ഒരു മീറ്റർ നീളവുമുള്ള ഒരു പി.വി.സി പൈപ്പും ചില ജോയിന്റുകളും മാത്രമാണ് ആശയത്തിന്റെ മൂലധനം. പൈപ്പിന്റെ ഒരറ്റം കടയ്ക്കുള്ളിലും മറ്റേയറ്റം പുറത്ത് റേഷൻ സാധനം വാങ്ങാനെത്തുന്നവരുടെ അടുത്ത് എത്തുന്ന വിധത്തിലും ഫിറ്റു ചെയ്‌തതോടെ കാര്യങ്ങൾ ഉഷാറായി. പൈപ്പ് വഴി റേഷൻ അരി അളന്ന് തട്ടും. അങ്ങേയറ്റത്ത് സഞ്ചിയുമായി നിൽക്കുന്ന ഉപഭോക്താവ് അത് ശേഖരിച്ച് മടങ്ങും. എല്ലാം ഭദ്രം.
മണിയപ്പനും ഭാര്യ സോജയും ചേർന്ന ആവിഷ്കരിച്ച ടെക്‌നിക് ക്ളിക്കായതോടെ മറ്റ് റേഷൻകടക്കാരും അനുകരിക്കാൻ തുടങ്ങി. ചിലർ മണിയപ്പനെ വിളിച്ച് ഒരു പരാതി പറഞ്ഞു. ''ലോക്ക് ഡൗൺ ആയതുകൊണ്ട് കടകളൊക്കെ അടച്ചിരിക്കുകയല്ലേ, പി.വി.സി പൈപ്പ് കിട്ടാനില്ല. ''
വെൺപാലവട്ടം സ്വദേശിയായ മണിയപ്പൻ 25 വർഷമായി ആനയറ കിഴക്കേതിൽ ക്ഷേത്രത്തിനടുത്ത് റേഷൻ കട നടത്തുന്നു. എവിടുന്നു കിട്ടി, ഈ കുഴൽ വിദ്യയെന്ന് ചോദിക്കൂ. മണിയപ്പൻ പറയും: 'എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയതാണ്. ഇത്ര സംഭവമാകുമെന്ന് കരുതിയില്ല.''