medicine-home-delivari

വർക്കല: കൊറോണ പ്രതിരോധ ലോക്ക്ഡൗണിനെ തുടർന്ന് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി രോഗികൾക്ക് മരുന്നുകൾ വീട്ടിലെത്തിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഇതോടൊപ്പം പരിശോധനകൾക്കാവശ്യമായ രക്തമുൾപ്പെടെയുളള സാമ്പിളുകൾ വീടുകളിൽ വന്ന് ശേഖരിക്കുകയും ഓൺലൈൻ ചികിത്സാ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തതായി ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ അനുസരിച്ച് മറ്റു ചാർജ്ജുകളൊന്നും ഈടാക്കാതെയും പത്ത് ശതമാനം വിലക്കുറവിലും 5 കിലോമീറ്റർ ചുറ്റളവിലുളള പ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തിമെത്തിക്കുന്നത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണിവരെ ഓർഡർ ചെയ്യുന്ന മരുന്നുകൾ വൈകുന്നേരം 3 മണി മുതൽ 7 മണി വരെ എത്തിക്കും. ഈ സംരംഭത്തിന്റെ ആദ്യ ഡെലിവറി മണമ്പൂർ സ്വദേശി സുധാകരന് നൽകിയാണ് തുടക്കം . സമയബന്ധിതമായി രക്തപരിശോധന, രക്തസമ്മർദ്ദ പരിശോധന എന്നിവ നടത്തേണ്ട രോഗികൾക്കും എസ്.എൻ.മിഷൻ ആശുപത്രിയിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ വീടുകളിൽ വന്നുപരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ച് ഫലം വാട്ട്സ്ആപ്പായോ ഇ-മെയിലായോ നൽകും. ചികിത്സ ആവശ്യമുളളവരും ആശുപത്രിയിൽ എത്താൻ സാധിക്കാത്തവരുമായ രോഗികൾക്ക് വാട്ട്സ് ആപ്പ് സ്കൈപ്പ്, വീഡിയോ കോൺഫറൻസ് സംവിധാനങ്ങളിലൂടെ ഡോക്ടർമാരുമായി ബന്ധപ്പെട്ട് ചികിത്സാ നിർദ്ദേശങ്ങൾ സ്വീകരിക്കാവുന്നതാണ്. അടിയന്തര ചികിത്സ ആവശ്യമുളളവർക്കും ഹോംകെയർ സർവ്വീസിലൂടെ ഡോക്ടർമാരുടെ സേവനം ലഭിക്കും. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് 9400050200എന്ന വാട്ട്സ് ആപ്പ് നമ്പരിലോ ssnmmhospital@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.