community-kitchen

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ഭക്ഷണം ലഭിക്കാത്തവർക്ക് അത് ലഭ്യമാക്കുന്നതിനായി നഗരസഭ ആരംഭിക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്തെ തൈക്കാട് മോഡൽ എൽ.പി സ്കൂളിൽ ആരംഭിച്ച ആദ്യ കമ്മ്യൂണിറ്റി കിച്ചൻ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്റിയുടെ നി‌ർദ്ദേശമനുസരിച്ച് വേണ്ടവർക്ക് ആഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ഭക്ഷണം ഉറപ്പാക്കുന്നതിനായാണ് കമ്മ്യൂണിറ്റി കിച്ചനുകൾക്ക് രൂപം നൽകിയത്. ഭക്ഷണം ആവശ്യമുള്ളവർക്ക് വിവരം അറിയിക്കാൻ ഫോൺ വഴി ബന്ധപ്പെടണം. ആഹാരം വേണ്ടവർ വിളിച്ചു പറയുമ്പോൾ, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി അതു നൽകും. ഭക്ഷണ വിതരണം വോളന്റിയർമാ‍ർ വഴി നടത്തും. മൂന്നു നേരവും ഭക്ഷണം ലഭിക്കും. വിതരണ സൗകര്യത്തിന് വേണ്ടി ദിവസവും ആവശ്യമുള്ള ഭക്ഷണം തലേന്നു തന്നെ അറിയിക്കണം. രജിസ്റ്റർ ചെയ്യുന്നവർക്കും വിളിച്ചറിയിക്കുന്നവർക്കും ഭക്ഷണം സൗജന്യമായി നഗരസഭയുടെ വോളന്റിയർമാർ ഹോം ഡെലിവറി ചെയ്യും. നിലവിൽ കമ്മ്യൂണിറ്റി ക്വാറന്റെയിനിൽ കഴിയുന്ന 202 പേർക്കും ഹോം ക്വാറന്റെയിനിലുള്ള 15 കുടുംബങ്ങൾക്കും, പുത്തരിക്കണ്ടത്ത് പാർപ്പിച്ചിട്ടുള്ള 180 പേ‌ർക്കും കമ്മ്യൂണിറ്രി കിച്ചൻ വഴി ഭക്ഷണം നൽകും. ആവശ്യം വരുന്നതനുസരിച്ച് മണക്കാട് എൽപി.സ്‌കൂൾ, കോട്ടൺ ഹിൽ സ്കൂൾ എന്നിവിടങ്ങളിലും നഗരസഭയുടെ ഹെൽത്ത് സർക്കിൾ തലത്തിലും കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. കുടുംബശ്രീയും മറ്രു സന്നദ്ധ സംഘടനകളും ഇതിനായി രംഗത്ത് വന്നിട്ടുണ്ട്. കൂടുതൽ പേർക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനു വേണ്ടി പലരും സ്ഥലങ്ങൾ നൽകാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്.