തിരുവനന്തപുരം: കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിനായി ജില്ലയിൽ കൂടുതൽ കെയർ ഹോമുകൾ സജ്ജമാക്കി. നിലവിൽ പ്രവർത്തിക്കുന്ന അഞ്ച് ഇടങ്ങൾക്ക് പുറമെയാണ് കൂടുതൽ കെട്ടിടങ്ങൾ കെയർ ഹോമുകൾക്കായി കണ്ടെത്തിയത്. രണ്ടായിരത്തലധികം കിടക്കകളുള്ള നാലാഞ്ചിറ മാർ ഇവാനിയോസ് ഇൻസ്റ്റിറ്റ്യൂഷൻസ് ഹോസ്റ്റലുകൾ,​ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവയെല്ലാം മുൻകരുതൽ എന്ന നിലയിൽ കൊറോണ കെയർ ഹോമുകളാക്കും. വേളിയിലെ സമേതി, യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ, പാളയത്തെ ഐ.എം.ജി, മൺവിള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, തൈക്കാട് വിമെൻസ് ഹോസ്റ്റൽ എന്നിവിടങ്ങളാണ് നിലവിലെ കൊറോണ കെയർ ഹോമുകൾ. 180 ഓളം പേർ ഇവിടെ നിരീക്ഷണത്തിലുണ്ട്.