02

കുളത്തൂർ: ലേബർ ക്യാമ്പിൽ കഴിയുന്ന 125 അന്യസംസ്ഥാന തൊഴിലാളികൾ ആഹാരവും ജലവും ലഭിക്കാതെ വലയുന്നു. നഗരസഭയിലെ പള്ളിത്തുറ വാർഡിൽ വിളയിക്കുളത്ത് ഉത്തരേന്ത്യൻ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന ലേബർ ക്യാമ്പിലാണ് സംഭവം.വാർഡ് കൗൺസിലർ പ്രതിഭ ജയകുമാർ വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭയുടെ ആറ്റിപ്ര സോണൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജയൻ,തുമ്പ എസ്.ഐ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് സന്ദർശിച്ചു. ഇവരെ ഇവിടെ പാർപ്പിച്ചിരിക്കുന്ന നിർമ്മാണ കമ്പനികളുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ യാത്രാ സൗകര്യങ്ങൾ ഇല്ലാതായതിനാൽ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനും കഴിഞ്ഞില്ല. സമാന രീതിയിൽ പ്രവർത്തിക്കുന്ന ലേബർ ക്യാമ്പുകളുമായി ബന്ധപ്പെട്ടവരെയും വിളിച്ചുകൂട്ടി പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന തീരുമാനത്തിലാണ് അധികൃതരും പൊലീസും.