തിരുവനന്തപുരം: റേഷൻ കാർഡില്ലാതെ വാടകവീടുകളിൽ കഴിയുന്നവർക്കും സൗജന്യ ഭക്ഷ്യധാന്യം എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആധാർനമ്പർ പരിശോധിച്ച് സംസ്ഥാനത്തെവിടെയും കാർഡില്ലെന്നുറപ്പാക്കിയശേഷം റേഷൻകടകൾ വഴിയാവും ഇത് ലഭ്യമാക്കുക. എല്ലാ റേഷൻകാർഡുടമകൾക്കും 15കിലോ അരി ഏപ്രിലിൽ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിനുപിന്നാലെ, കാർഡില്ലാത്തവരുടെ പ്രശ്നങ്ങളെപ്പറ്റി സംശയം ഉയർന്നിരുന്നു.
ക്ഷേമ പെൻഷൻ വിതരണം തുടങ്ങി
ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സഹകരണബാങ്കുകൾ ഇന്നലെമുതൽ പെൻഷൻ എത്തിച്ചുതുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.
ആരും പട്ടിണിയാവാതിരിക്കാനായി പ്രഖ്യാപിച്ച സമൂഹ അടുക്കള സംവിധാനം 43 തദ്ദേശസ്ഥാപനങ്ങളിൽ ഇന്നലെ തുടങ്ങി. 941 പഞ്ചായത്തുകളിൽ 861 ഇടത്തും 87ൽ 84 മുനിസിപ്പാലിറ്റികളിലും സമൂഹ അടുക്കളയ്ക്ക് സ്ഥലം സജ്ജമാക്കി. ആറ് കോർപറേഷനുകളിലായി ഒമ്പതിടങ്ങളിലായിരിക്കും സമൂഹ അടുക്കളകൾ. വരുംദിവസങ്ങളിൽ ഭക്ഷണവിതരണമാരംഭിക്കും. 715 പഞ്ചായത്തുകളിൽ കൊറോണ ഹെൽപ്പ്ഡെസ്കുകളായി. ഗ്രാമതലത്തിൽ 2007 കെയർസെന്ററുകൾക്ക് സ്ഥലം കണ്ടെത്തി.