അഞ്ചു പേരെ ഡിസ്ചാർജ് ചെയ്തു ചികിത്സയിൽ 126 പേർ വയനാട്ടിലും വൈറസ്
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ശക്തമായ നടപടികൾ തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്നലെ 19 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. വയനാട്ടിൽ ആദ്യത്തെ കേസ് ഇന്നലെ സ്ഥിരീകരിക്കപ്പെട്ടതോടെ വൈറസ് വ്യാപനത്തിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നതാണ് സാഹചര്യം. കണ്ണൂരിൽ 9 പേർക്കും കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള മൂന്നു പേർക്കും തൃശൂരിൽ രണ്ടു പേർക്കും ഇടുക്കിയിൽ ഒരാളിലുമാണ് ഇന്നലെ വയനാടിനു പുറമെ കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തിയ ആളാണ് വയനാട്ടിലെ രോഗി.
ഇടുക്കിയിൽ രോഗം ബാധിച്ചയാൾ പൊതുപ്രവർത്തകനാണ്. മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റായ ഇദ്ദേഹത്തിന് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നതെന്നും, ഇടപഴകിയവരെ ആരോഗ്യവകുപ്പ് കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം ഭേദമായ അഞ്ചു പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂർ സ്വദേശികളും രണ്ട് വിദേശ പൗരന്മാരുമാണ് പൂർണ രോഗമുക്തി നേടിയത്. ഇനി 126 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പത്തനംതിട്ടയിൽ ചികിത്സയിലിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ടെങ്കിലും ആശുപത്രി വിട്ടിട്ടില്ല.
സംസ്ഥാനത്ത് 1,02,003 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,01,402 പേർ വീടുകളിലും 601പേർ ആശുപത്രികളിലുമാണ്. 136 പേരെ ഇന്നലെ ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ ഉള്ള 5342 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 3768 ഫലങ്ങൾ നെഗറ്റീവ് ആണ്.