കല്ലമ്പലം: കല്ലമ്പലം, പള്ളിക്കൽ, മടവൂർ പ്രദേശങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും പച്ചക്കറികൾക്ക് അമിതവില ഈടാക്കിയതിനുമായി 11 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ചെറുന്നിയൂർ ജംഗ്ഷനിലെ പച്ചക്കറി സ്ഥാപനങ്ങളിൽ ചെറിയ ഉള്ളിയുടെ വില കുറപ്പിച്ചു. കല്ലമ്പലം അൽനാസ് സൂപ്പർമാർക്കറ്റിൽ കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിനെതിരെയും മടവൂർ, പള്ളിക്കൽ ജംഗ്ഷനിലെ എ.ജെ. സ്റ്റോഴ്‌സില്‍ സ്റ്റോക്ക് സംബന്ധിച്ച രേഖകൾ ഹാജരാക്കാത്തതിനും മറ്റ് ക്രമക്കേടുകൾക്കുമായും കേസ് രജിസ്റ്റർ ചെയ്തു. എ.ജെ. സ്റ്റോഴ്‌സിന്റെ വ്യാപാരം സംബന്ധിച്ച നിയമവിരുദ്ധമായ നടപടികൾക്ക് പ്രത്യേക റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസർ എ. രാജീവൻ അറിയിച്ചു. റെയ്ഡിൽ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ റഹ്മത്തുള്ള, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എം. ജലീസ്, പി. ഷാജി എന്നിവർ പങ്കെടുത്തു.