കല്ലമ്പലം : നഗരൂർ രാജാധാനി എൻജിനിയറിംഗ് കേളേജിലെ ക്ലാസ് മുറികൾ കൊറോണ ഐസൊലേഷൻ വാർഡാക്കാൻ അണുവിമുക്തമാക്കിയ സന്നദ്ധ പ്രവർത്തകർക്ക് തേനീച്ചകളുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെ കോളേജ് വളപ്പിലാണ് സംഭവം. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, സെക്രട്ടറി ബിജുകുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷൻ നെടുമ്പറമ്പ് പി. സുഗതൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ കോളേജ് മുറി വൃത്തിയാക്കവെ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, സി.പി.എം ലോക്കൽ സെക്രട്ടറി എം. ഷിബു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ഡി രജിത്, നിസാം എന്നിവരെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ദേഹമാസകലം കുത്തേറ്റ എം. രഘു ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. കോളേജ് വളപ്പിൽ വളരെക്കാലമായി തേനീച്ചകൂട്ടം തമ്പടിച്ചിരുന്നു. കഴിഞ്ഞ മാസം കോളേജിൽ സീരിയൽ ഷൂട്ടിംഗിനെത്തിയ സംഘത്തെയും തേനീച്ചക്കൂട്ടം ആക്രമിച്ചിരുന്നു. സീരിയൽ നായികയ്ക്കും അന്ന് തേനീച്ചയുടെ കുത്തേറ്റു.